നീരജ് ചോപ്രയുടെ അടുത്ത മത്സരത്തിന് അരങ്ങൊരുങ്ങി

നീരജ് ചോപ്രയുടെ അടുത്ത മത്സരത്തിന് അരങ്ങൊരുങ്ങി
നീരജ് ചോപ്രയുടെ അടുത്ത മത്സരത്തിന് അരങ്ങൊരുങ്ങി

മ്യൂണിക്ക്: ഒളിംപിക്‌സിന് പിന്നാലെ അടുത്ത മത്സരം പ്രഖ്യാപിച്ച് നീരജ് ചോപ്ര. വരുന്ന ലൊസെയ്ൻ ഡയമണ്ട് ലീഗിൽ മത്സരിക്കുമെന്നാണ് നീരജ് ചോപ്ര അറിയിച്ചത്. കൈ അകലെ സ്വർണം നഷ്ടമായെങ്കിലും പാരിസ് ഒളിംപിക്‌സിൽ ചരിത്രം കുറിച്ചാണ് നീരജ് ചോപ്ര നാട്ടിലെത്തിയത്. തുടർച്ചയായ രണ്ട് ഒളിംപിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം. ഇപ്പോളിതാ ഈ മാസം 22ന് നടക്കുന്ന ലൊസാനെ ഡയമണ്ട് ലീഗിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ജാവലിൻ താരം.

ഒളിംപിക്‌സ് ഫൈനലിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് പരിക്ക് അലട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ താരം സ്വിസർലന്റിൽ പരിശീലനം നടത്തുന്നതായാണ് വിവരം. ഡയമണ്ട് ലീഗ് അധികൃതർ ആദ്യം പുറത്തുവിട്ട മത്സരക്രമത്തിൽ നീരജിന്റെ പേരുണ്ടായിരുന്നില്ല. നീരജ് സന്നദ്ധത അറിയിച്ചതോടെ ഇന്ത്യൻ താരത്തെ ഉൾപ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കും. പാരിസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്, ജാക്കുബ് വാദ്‌ലെച്ച് എന്നിവർ മത്സരിക്കാൻ പേര് നൽകിയിട്ടുണ്ട്. ഒളിംപിക്‌സിൽ സ്വർണ മെഡൽ നേടിയ പാക് താരം അർഷദ് നദീം ലിസ്റ്റിലില്ല. ഒളിംപിക്‌സ് ഫൈനലിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേടിയത്.

അതേസമയം, പരസ്യങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിച്ച് നീരജ്. ഒന്നരക്കോടി രൂപയാണ് നീരജ് പ്രതിഫലത്തിൽ വർധിപ്പിച്ചത്. തുടർച്ചയായി രണ്ടാം ഒളിംപിക്സിലും മെഡൽ സ്വന്തമാക്കിയതോടെ നീരജിന്റെ പരസ്യ വരുമാനവും കുത്തനെ ഉയർന്നു. നിലവിൽ മൂന്നുകോടി രൂപയാണ് ഓരോ പരസ്യബ്രാൻഡുകൾക്കായി നീരജ് പ്രതിഫലം പറ്റുന്നത്. ഇത് നാലരക്കോടി രൂപയായി ഉയർത്തി. ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരസ്യവരുമാനമുള്ള കായികതാരവും നീരജാണ്.

21 ബ്രാൻഡുകളുമായാണ് നീരജിന് പരസ്യ കരാറുള്ളത്. പാരീസിലെ മെഡൽ നേട്ടത്തോടെ എട്ട് കമ്പനികളുമായി നീരജ് ഉടൻ പരസ്യ കരാറിലെത്തും. ഈവർഷം അവസാനിക്കും മുന്നേ നീരജ് 34 കന്പനികളുമായി കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പരസ്യവരുമാനത്തിൽ ക്രിക്കറ്റിലെ പലതാരങ്ങളെയും മറികടക്കാൻ നീരജിനാവും.

Top