മലപ്പുറം എസ്പിയെ മാറ്റണമെന്ന നിലപാട് സി.പി.എം ജില്ലാ ഘടകത്തിലും ശക്തം, പി.വി അൻവർ മുഖ്യമന്ത്രിയെ കാണും

എസ്.പി സുജിത് ദാസും പി വി അൻവർ എം.എൽ.എയും തമ്മിൽ നടന്ന സംഭാഷണം റിപ്പോർട്ടർ ചാനലാണ് പുറത്ത് വിട്ടത്

മലപ്പുറം എസ്പിയെ മാറ്റണമെന്ന നിലപാട് സി.പി.എം ജില്ലാ ഘടകത്തിലും ശക്തം, പി.വി അൻവർ മുഖ്യമന്ത്രിയെ കാണും
മലപ്പുറം എസ്പിയെ മാറ്റണമെന്ന നിലപാട് സി.പി.എം ജില്ലാ ഘടകത്തിലും ശക്തം, പി.വി അൻവർ മുഖ്യമന്ത്രിയെ കാണും

മലപ്പുറം: എസ് പി ക്യാംപ് ഓഫിസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിൻവലിക്കണമെന്ന സംഭാഷണം പുറത്തായി. എസ്.പി സുജിത് ദാസും പി വി അൻവർ എം.എൽ.എയും തമ്മിൽ നടന്ന സംഭാഷണം റിപ്പോർട്ടർ ചാനലാണ് പുറത്ത് വിട്ടത്. എഡിജിപി എം ആർ അജിത് കുമാറിനെതിരെയും ഈ സംഭാഷണത്തിൽ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ കടത്തിയെന്ന ‌പരാതി പിൻവലിക്കാനാണ് മുൻ മലപ്പുറം എസ്പിയായ സുജിത്ത് ദാസ്, പി വി അൻവർ എംഎൽഎയോട് ആവശ്യപ്പെടുന്നത്. ഈ സംഭവം നടക്കുന്നത് തൻ്റെ കാലത്തല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എംഎൽഎ എം ആർ അജിത്ത് കുമാറിനെ കുറിച്ചാണ് തിരിച്ച് ചോദിക്കുന്നത്. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ എസ്പിയും എം.എൽഎയും പരസ്പരം ആരോപണ‍ങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

സേനയിൽ അജിത്ത് കുമാർ സർവ്വശക്തനാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത് എം ആർ അജിത്ത് കുമാർ ആണ്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത്ത് കുമാർ‌. പൊളിറ്റിക്കൽ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാൾക്കിത്ര ശക്തി എന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.

ഇത്രമാത്രം വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത്ത് ദാസ് ചോദിക്കുന്നുണ്ട്. എന്നാൽ താൻ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാറില്ലെന്നാണ് എംഎൽഎ നൽകിയ മറുപടി.

മരംമുറി പരിശോധിക്കാൻ കഴിഞ്ഞദിവസം മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെത്തിയ എംഎൽഎയെ പൊലീസ് തടഞ്ഞിരുന്നു. അനധികൃതമായി ആരെയും പ്രവേശിപ്പിക്കെല്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടർന്ന് എംഎൽഎ മടങ്ങിയെങ്കിലും ഇന്ന് ക്യാമ്പ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഉണ്ടായത്.

വലിയ പോസ്റ്റർ ഉൾപ്പെടെ സ്ഥാപിച്ചാണ് ക്യാമ്പ് ഓഫീസിന് മുന്നിൽ എംഎൽഎ കുത്തിയിരുന്നത്. കഴിഞ്ഞ ദിവസം തടഞ്ഞതിൽ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ്. 2021ൽ എസ് സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരിക്കെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് എംഎൽഎ ആരോപിക്കുന്നത്. ഇത് ശരിയല്ലെന്നാണ് സുജിത് ദാസ് പറയുന്നത്. തൻ്റെ മുൻപ് ഇരുന്ന എസ്.പിക്കാണ് ഉത്തരവാദിത്വം എന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്.

Also read: പി വി അൻവറിനെ മലപ്പുറം എസ്പിയുടെ ഒദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞ് പൊലീസ്

സോഷ്യൽ ഫോറസ്റ്റട്രി 56,000 രൂപ വില നിശ്ചയിച്ച മരങ്ങൾ ലേലം ചെയ്തത് 20,000 രൂപയ്ക്കാണ്. ലേലം ചെയ്തിട്ടും മരങ്ങൾ ആരും കൊണ്ടുപോയില്ല. എന്നാൽ മരത്തിന്റെ കാതലായ ഭാഗങ്ങൾ കടത്തിയെന്നതാണ് പരാതി. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മരങ്ങൾ കൊണ്ടു പോയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. മുറിച്ചു കടത്തിയത് മഹാഗണി, തേക്ക് മരങ്ങൾ ഉപയോഗിച്ച് ഫർണിച്ചർ പണിത് കടത്തിയെന്നും എം.എൽ.എ പരാതിയിൽ പറയുന്നുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അൻവറിനെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന എം.എൽ.എ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. അതേ സമയം മലപ്പുറം എസ്.പിയെ മാറ്റണമെന്ന് സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും മാറ്റാതിരിക്കുന്നതിൽ പാർട്ടി ജില്ലാ ഘടകത്തിലും കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

Top