തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സി.പി.എം. സംസ്ഥാന സമിതിയിലുണ്ടായത് അതിരൂക്ഷ വിമര്‍ശനം. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തലുണ്ടാകണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷംപേരും ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ വിരുദ്ധപക്ഷത്തുനിര്‍ത്തിയുള്ള പ്രവര്‍ത്തനരീതി ജനവിധിയെ സ്വാധീനിച്ചു. വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തതിന്റെ പേരില്‍ കേസെടുക്കുന്ന രീതി ഇടതുപക്ഷസര്‍ക്കാരിലെ പോലീസിന് ചേര്‍ന്നതല്ല. ജനങ്ങളുടെ മനസ്സ് തിരിച്ചറിയാതെ തൊലിപ്പുറത്ത് ചികിത്സകൊണ്ട് കാര്യമില്ലെന്നും നേതാക്കള്‍. വിമര്‍ശനങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി യോഗത്തില്‍ മറുപടി നല്‍കിയില്ല. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച് പാര്‍ട്ടി സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗത്തില്‍ അറിയിച്ചു.
തിരുത്തലിന്റെ ഭാഗമായി നാല് മേഖലായോഗങ്ങള്‍ വിളിച്ചു ചേർക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും. ലോക്കല്‍തലത്തില്‍ പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചായിരിക്കും യോഗം. ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാന്‍ വേണ്ടത്ര കഴിഞ്ഞില്ലെന്ന് യോഗത്തിനുശേഷം എം.വി. ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങളെ വിരുദ്ധപക്ഷത്തുനിര്‍ത്തിയത് ജനവിധിയെ സ്വാധീനിച്ചു. മുഖ്യമന്ത്രി എന്തു ശൈലിയാണ് മാറ്റേണ്ടത്. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നോയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങള്‍ കുറക്കാലമായില്ലേ ഇത് പറയാന്‍ തുടങ്ങിയിട്ട് എന്നിട്ടും 99 സീറ്റുനേടി ഞങ്ങള്‍ അധികാരത്തില്‍ വന്നില്ലേ. ചരിത്രത്തില്‍ ആദ്യമായിട്ടല്ലേ ഒരു സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുന്നത്. അന്നും പിണറായി തന്നെയായിരുന്നല്ലോ. ശൈലി ഒരുദിവസംകൊണ്ട് ഉണ്ടാകുന്നതല്ല -അദ്ദേഹം പറഞ്ഞു.