CMDRF

കെട്ടിടനിർമ്മാണ വ്യവസ്ഥകളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ

കെട്ടിടനിർമ്മാണ വ്യവസ്ഥകളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ
കെട്ടിടനിർമ്മാണ വ്യവസ്ഥകളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ

കൊച്ചി: കെട്ടിടങ്ങളിലെ പാർക്കിങ് സംവിധാനത്തിൽ ഇളവ്. തദ്ദേശ സ്വയംഭരണ വകുപ്പിൽ കാലോചിതമായ മാറ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബ്രഹത്തായ പരിഷ്കരണ നടപടികൾ നടപ്പാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കെട്ടിട നിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിങ് സംവിധാനം ഒരുക്കണമെന്ന നിലവിലുള്ള വ്യവസ്ഥയിലാണ് ഇളവ് വരുത്തിയത്. ഈ വ്യവസ്ഥ കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി വർഷങ്ങളായുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിലാണ് അതേ ഉടമസ്ഥന്റെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിങ് സംവിധാനം അനുവദിക്കാൻ തീരുമാനിച്ചത്. 25% പാർക്കിങ് എങ്കിലും നിർമ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75% വരെ സമീപ പ്ലോട്ടിലും പാർക്കിങ് ആകാം. ഭൂമി അതേ ഉടമസ്ഥന്റെ പേരിലായിരിക്കണം. നിർമ്മാണം നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റർ ദൂരത്തിനുള്ളിലാകണം ഈ ഭൂമി. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം. കാർ പാർക്കിങ്ങിനായി ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ലെന്നും മറ്റാർക്കും കൈമാറില്ലെന്നും ഉടമയും തദ്ദേശ സ്ഥാപന സെക്രട്ടറിയും തമ്മിൽ കരാറിൽ ഏർപ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഈ ഇളവ് നടപ്പിലാക്കുന്നത്. നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ തീരുമാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗാലറി ഇല്ലാത്ത ടർഫുകൾക്ക് പാർക്കിങ്ങിന്റെ കാര്യത്തിൽ ഇളവ് നൽകും. തദ്ദേശവകുപ്പിൽ പരാതി നൽകുന്നതിനായി പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ കോൾസെൻ്റർ ആരംഭിക്കും. ജനങ്ങൾക്ക് തൽസമയം പരാതി നൽകാൻ ഇത് ഉപയോഗിക്കും. ഓൺലൈൻ സേവനങ്ങൾ അപേക്ഷിച്ചവരെ വിളിച്ച് വരുത്തിയാൽ ജീവനക്കാർക്ക് എതിരെ നടപടി എടുക്കും. സേവനാവകാശ നയം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ഇത് കർശനമായി നടപ്പിലാക്കും. വകുപ്പിൽ ഇൻ്റേണൽ വിജിലൻസ് സംവിധാനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഹരിതകർമ്മസേനയുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ തരം അജൈവ മാലിന്യങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസർഫീക്കകത്ത് പ്ലാസ്റ്റിക് മാത്രമല്ല, കലണ്ടർ പ്രകാരമുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കലണ്ടർ പ്രകാരമല്ലാതെ, ഉപഭോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിൽ അധിക ഫീസ് ഈടാക്കാം. വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസർഫീസ് നിശ്ചയിച്ച് നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് ലാബുകൾ സ്ഥാപിക്കും.

Top