കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തടസ ഹർജി ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ. സുപ്രീംകോടതിയിലാണ് ഓൺലൈനായി സർക്കാർ ഹർജി നൽകിയത്. സർക്കാരിനെ കേൾക്കാതെ സിദ്ദിഖിന്‍റെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യം. സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് തടസ ഹർജി സമർപ്പിച്ചത്.
അതേസമയം, സിദ്ദിഖിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും. അതിജീവിതയും സുപ്രീംകോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. അതേസമയം, ഗുരുതരകുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം.