തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം റിംങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട പങ്കാളിത്ത കരാറിന് മന്ത്രിസഭായോഗം അനുമതി നല്‍കി. കിഫ്ബി ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് പ്രോജക്റ്റ് എന്നിവര്‍ ഉള്‍പ്പട്ട കരാറുണ്ടാക്കി മുന്നോട്ട് പോകാനാണ് ധാരണ.
ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി ഉറപ്പാക്കും. സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണത്തിന് ചെലവാകുന്ന 477.33 കോടി രൂപ ദേശീയ പാത അതോറിറ്റിക്ക് അഞ്ച് വര്‍ഷത്തിനകം സര്‍ക്കാര്‍ ലഭ്യമാക്കും. ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ചരക്ക് സേവന നികുതി വിഹിതം ദേശീയ പാത അതോറിറ്റിക്ക് ഗ്രാന്റായി നല്‍കുന്നത് അടക്കം ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ നികുതി ധനകാര്യ വകുപ്പുകള്‍ അന്തിമ വ്യവസ്ഥകള്‍ തയ്യാറാക്കും.
ഇതിനു പുറമെ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക. ഔട്ടര്‍ റിംഗ് റോഡിന്റെ നിര്‍മ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളും മറ്റ് പാറ ഉല്‍പ്പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും ഈ ദേശീയപാതയുടെ നിര്‍മ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു.
ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയര്‍, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയല്‍റ്റി ഇളവ് ലഭിക്കേണ്ട ഉല്‍പ്പന്നങ്ങളുടെ അളവ് സര്‍ട്ടിഫൈ ചെയ്യേണ്ടതാണ്. ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നല്‍കും. ദേശീയപാത അതോറിറ്റി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നല്‍കുന്നതിന് നികുതി-ധനകാര്യ വകുപ്പുകള്‍ ചേര്‍ന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണ് ഈ നീക്കം.