തിരുവനന്തപുരം: പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് 120 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ബജറ്റ് വിനിയോഗ പരിധി 100 ശതമാനം ഉയര്‍ത്തിയാണ് തുക ലഭ്യമാക്കുന്നത്. ഇതോടെ ഇ ഗ്രാന്റ്സ് പോര്‍ട്ടലില്‍ കുടിശികയുള്ള മുഴുവന്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
150 കോടി രൂപയാണ് ഈ ഇനത്തിലെ ബജറ്റ് വകയിരുത്തല്‍. ഇതില്‍ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു. 29.99 കോടി രൂപ വിതരണം ചെയ്തു. ബാക്കി തുകയ്ക്ക് മുഴുവന്‍ പരിധി ഒഴിവാക്കി വിനിയോഗാനുമതി ലഭിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പൂര്‍ണമായും വിതരണം ചെയ്യാനാകുമെന്ന പട്ടികജാതി വികസന വകുപ്പിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.