തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് നടത്തുക. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് നടക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ 25 മുതൽ ഒക്ടോബർ ഒന്നുവരെ മസ്റ്ററിങ് നടക്കുമെന്നും അധികൃതർ അറിയിച്ചു.
മൂന്നാം ഘട്ടം ഒക്ടോബർ മൂന്നു മുതൽ എട്ടുവരെയാണ് നടക്കുന്നത്. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മൂന്നാം ഘട്ട മസ്റ്ററിങ്. ഒക്ടോബർ 15-ന് മുമ്പ് മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Also Read: നിപ ആശങ്ക; 6 വർഷം മുമ്പ് പ്രഖ്യാപിച്ച ലാബ് നടപ്പിലാക്കാനാകാതെ കോഴിക്കോട് മെഡിക്കൽ കോളേജ്
നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താനുള്ള സൗകര്യമൊരുക്കുന്നതാണ്.
ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കണമെന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നാളെ മുതൽ മസ്റ്ററിങ് നടത്താൻ ഒരുങ്ങുന്നത്. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരി നൽകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം. റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
റേഷൻ വിതരണവും മസ്റ്ററിങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിയാതെ വന്നതാണ് മുടങ്ങാൻ കാരണമായത്. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെ മസ്റ്ററിങ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് കത്ത് നൽകി.
റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ വിശദമാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് നാളെ മുതൽ മസ്റ്ററിങ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആണ് മസ്റ്ററിങ് നടത്തുന്നത്. റേഷൻ കടകൾക്ക് പുറമേ അംഗനവാടികൾ, സ്കൂളുകൾ കൂടി കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ് നടത്തുന്നത്. അതേസമയം റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.