ഓച്ചിറ: ചങ്ങൻകുളങ്ങരയിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് പ്രദേശത്ത് നിന്ന് നാട്ടുകാർ പിടികൂടി ഓച്ചിറ മൃഗാശുപത്രിയിൽ എത്തിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ ജനം പരിഭ്രാന്തരായി. ഉടൻ തന്നെ നായയെ പിടികൂടിയ പത്തോളം പേർക്കാണ് പ്രതിരോധ കുത്തിവെയ്പ് നൽകിയത്.
അലഞ്ഞുതിരിഞ്ഞ് അവശനായ കണ്ട നായയെ നാട്ടുകാർ ചേർന്ന് മൃഗാശുപത്രിയിൽ എത്തിച്ച് കുത്തിവെയ്പ് എടുത്തതോടെ നായ ചത്തു. ഗ്രാമ പഞ്ചായത്തംഗം എസ്. ദിലീഫ് ശങ്കർ മുൻകൈയെടുത്തു നായയെ കൊല്ലം മൃഗാശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരികരിച്ചത്.
Also Read: മലപ്പുറത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
നായ നിരവധി തെരുവുനായകളെ കടിച്ചതായി നാട്ടുകാർ പറയുന്നു. പഞ്ചായത്ത് മെമ്പർ മുൻകൈയെടുത്തു കുണ്ടറയിൽ നിന്ന് നായ പിടുത്തക്കാരെ വരുത്തി കുറേ നായ്കളെ പിടിച്ച് മൃഗാശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി. പിടികൊടുക്കാതെ അലയുന്ന നിരവധി നായ്കൾ ഉണ്ടന്നാണ് നാട്ടുകാർ പറയുന്നത്.
ഓച്ചിറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വന്ധ്യംകരണത്തിന് വേണ്ടി പിടികൂടുന്ന നായ്കളെ ചങ്ങൻകുളങ്ങരയിലെ മൃഗാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയിട്ട് ഇവിടെ തന്നെ തുറന്ന് വിടുന്നതാണ് പ്രദേശത്ത് തെരുവുനായ്കൾ കൂടാൻ കാരണമെന്നും ആക്ഷേപമുണ്ട്.