കണ്ണൂര്‍: മുണ്ടക്കൈ ചൂരല്‍ മലയില്‍ ഉരുള്‍പൊട്ടലില്‍ ജീവനും സമ്പത്തും നഷ്ടമായവര്‍ക്ക് കൈത്താങ്ങായി വിദ്യാര്‍ത്ഥികളും. കൂണ്‍ കൃഷിയിലൂടെ ലഭിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയാവുകയാണ് ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും അധ്യാപകരും.
സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയ കൂണ്‍ കൃഷിയും വിളവെടുപ്പും വില്‍പ്പനയും ഏറെ പ്രശംസ നേടിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കൂണ്‍ കൃഷി വിജയനേട്ടം കൈവരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറിയും എന്‍ എസ് എസ് വളണ്ടിയര്‍ മാരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ കൂണ്‍ കൃഷിക്ക് വിത്തിട്ടത്. സ്‌കൂളിലെ തന്നെ ഒരു കെട്ടിടമുറിയാണ് കൃഷിക്കായി ഉപയോഗിച്ചത്. രണ്ടു വര്‍ഷങ്ങളിലായി നടത്തിയ കൂണ്‍ വില്‍പ്പനയിലൂടെ ലഭിച്ച സമ്പാദ്യമാണ് വിദ്യാര്‍ത്ഥികള്‍ വയനാടിന്റെ ദുരിതക്കണ്ണീരൊപ്പാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.