കലാപങ്ങളില്‍ പലായനം ചെയ്യേണ്ടി വന്നവരില്‍ ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ മണിപ്പൂരില്‍ നിന്നെന്ന് പഠനം

കലാപങ്ങളില്‍ പലായനം ചെയ്യേണ്ടി വന്നവരില്‍ ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ മണിപ്പൂരില്‍ നിന്നെന്ന് പഠനം
കലാപങ്ങളില്‍ പലായനം ചെയ്യേണ്ടി വന്നവരില്‍ ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ മണിപ്പൂരില്‍ നിന്നെന്ന് പഠനം

ദക്ഷിണേഷ്യയില്‍ കലാപം മൂലം മറ്റു നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നവരില്‍ കൂടുതലും മണിപ്പൂര്‍ കലാപത്തിൻ്റെ ഇരകളെന്ന് പഠനം. 69,000 പേരില്‍ 67,000 പേരും മണിപ്പൂര്‍ കലാപത്തിൻ്റെ ഇരകളാണ്.
2023ല്‍ 7.59 കോടി പേരാണ് ആഗോളതലത്തില്‍ ആകെ ആഭ്യന്തര പലായനം ചെയ്തവരുടെ എണ്ണം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 6.83 കോടി പേര്‍ക്ക് നാടുപേക്ഷിക്കേണ്ടിവന്നത് കലാപവും സംഘര്‍ഷ സാഹചര്യങ്ങളും മൂലമാണ്.
കലാപവും സംഘര്‍ഷവും കാരണം ആഭ്യന്തര പലായനത്തിൻ്റെ 44 ശതമാനവും നടന്നിട്ടുള്ളത് പലസ്തീന്‍ ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്നാണ്. പ്രകൃതി ദുരന്തങ്ങളാല്‍ മാറിപ്പാര്‍ക്കേണ്ടി വന്നത് 2.64 കോടി പേര്‍ക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങളോ ആഭ്യന്തര കലാപങ്ങളോ മൂലം 2023ല്‍ അഞ്ച് ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഭൂമികുലുക്കം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ മൂലവും ആഭ്യന്തരകലാപങ്ങള്‍ മൂലവുമാണ് ഇത്രയധികം പേര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടിവന്നത്.

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇൻ്റേണല്‍ ഡിസ്‌പ്ലേ്‌സ്മൻ്റ് മോണിറ്ററിങ് സെൻ്റര്‍ (ഐ.ഡി.എം.സി) റിപ്പോര്‍ട്ട് പ്രകാരമാണ് കണക്കുകള്‍.

2018 മുതലുള്ള ആഭ്യന്തര പലായനങ്ങളില്‍ കലാപം മൂലമാണ് ഏറ്റവും അധികം ആളുകള്‍ നാടു വിട്ട് പോയതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കലാപങ്ങള്‍ കാരണം നാടു വിട്ട് പോയവരില്‍ ആരും തന്നെ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നതും പ്രസക്തമാണ്.

ഇന്ത്യയില്‍ മണിപ്പൂരിലാണ് കലാപ സാഹചര്യങ്ങള്‍ മൂലമുള്ള പലായനം ഏറിയത്. കുക്കി മെയ്തി വിഭാഗങ്ങളെ തമ്മില്‍ അടുപ്പിച്ച രാഷ്ട്രീയ തന്ത്രമാണ് ഇവിടെ രക്ത ചൊരിച്ചിലിൻ്റെ കേന്ദ്രമാക്കിയത്.

പ്രകൃതി ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം എല്‍ നിനോ പ്രതിഭാസമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കലാപം മൂലമുണ്ടാകുന്ന പലായനങ്ങള്‍ സുഡാന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വലിയ തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ആഭ്യന്തര പലായനം നടത്തേണ്ടിവന്നവരുടെ എണ്ണം 2023- അവസാനത്തോടെ 7.59 കോടിയായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സംഘപരിവാറിൻ്റെ രാഷ്ട്രീയ മുതലെടുപ്പ് ശ്രമങ്ങളാണ് അനേകമാളുകളെ പലായനത്തിലേക്ക് നയിച്ച മണിപ്പൂര്‍ കലാപത്തിന് കാരണമായത്.

Top