ടൂവിലര്‍ ലൈസന്‍സ് എടുക്കാന്‍ ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം നിർബന്ധമാക്കിയതോടെ ടൂവിലര്‍ ലൈസന്‍സ് എടുക്കാന്‍ എത്തിയവർ കൂട്ടത്തോടെ പൊട്ടുന്ന കാഴ്ചയാണ് എറണാകുളം ആര്‍.ടി. ഓഫീസിന് കീഴിലുള്ള ഈ ടെസ്റ്റ് ഗ്രൗണ്ടില്‍ കണ്ടത്. ആദ്യദിനമായ വ്യാഴാഴ്ച ടെസ്റ്റില്‍ പങ്കെടുത്ത 48 പേരില്‍ ആകെ പാസായത് 18 പേര്‍ മാത്രമാണ്. നേരത്തേ എം 80 വാഹനത്തില്‍ ടെസ്റ്റ് നടത്തുമ്പോള്‍ പകുതിയോളം പേരും വിജയിക്കുമായിരുന്നു.
എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി.ക്കു മുകളിലുള്ള വാഹനങ്ങളേ പുതുക്കിയ ചട്ടപ്രകാരം ഈ വിഭാഗത്തിലുള്ള ലൈസന്‍സെടുക്കുന്നതിനായി ടെസ്റ്റിനുപയോഗിക്കാനാവൂ. ഇതോടെ ടെസ്റ്റ് ഗ്രൗണ്ടില്‍നിന്ന് 75 സി.സി. മാത്രം എന്‍ജിന്‍ കപ്പാസിറ്റിയുള്ള എം 80 പുറത്താവുകയും ചെയ്തു.കഴിഞ്ഞ ദിവസം എം 80-യുടെ അവസാനത്തെ എട്ടിടല്‍ ഗ്രൗണ്ടില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ആഘോഷമാക്കിയിരുന്നു. ഈ വണ്ടിയാണെങ്കില്‍ വലിയ ‘റിസ്‌കില്ലാതെ’ എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ വളച്ചെടുക്കാം.
എന്നാല്‍ ഈ എട്ടില്‍ ബൈക്ക് തിരിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.എം 80 വാഹനത്തില്‍ പത്ത് പരിശീലന ക്ലാസൊക്കെ കിട്ടിയാല്‍ത്തന്നെ ‘എട്ട്’ കമ്പികള്‍ ചുറ്റിവരുന്നവര്‍ ബൈക്കിലാണെങ്കില്‍ 15 മുതല്‍ 25 വരെ ക്ലാസുകളില്‍ കഠിനപരിശീലനംതന്നെ നടത്തേണ്ടിവരുമെന്നാണ് ഡ്രൈവിങ് സ്‌കൂളുകാരും പറയുന്നത്. ഇവര്‍ പ്രതീക്ഷിച്ചതുപോലെത്തന്നെ പുതിയ പരിഷ്‌കാരം വന്നതോടെ ഭൂരിഭാഗംപേരും പരാജയപ്പെടുകയുമായിരുന്നു.