CMDRF

‘നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കണം’; ദേശീയ മെഡിക്കല്‍ കമ്മീഷന് 10 ലക്ഷം പിഴ

വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതിനെ സുപ്രീം കോടതി വിമര്‍ശിച്ചു

‘നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കണം’; ദേശീയ മെഡിക്കല്‍ കമ്മീഷന് 10 ലക്ഷം പിഴ
‘നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കണം’; ദേശീയ മെഡിക്കല്‍ കമ്മീഷന് 10 ലക്ഷം പിഴ

ഡല്‍ഹി: കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജിനെതിരെ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി.
കേസില്‍ പത്തുലക്ഷം രൂപ പിഴയിട്ട സുപ്രീംകോടതി നാല് ആഴ്ചക്കുള്ളില്‍ പിഴ അടയ്ക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷനോട് നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ ഭാഗമായ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്.

2023-24 അധ്യായന വര്‍ഷത്തില്‍ മെഡിക്കല്‍ കോളേജിലെ സീറ്റ് 150-ല്‍ നിന്ന് 250 ആയി ഉയര്‍ത്താന്‍ മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അനുമതി ബോര്‍ഡ് പിന്‍വലിച്ചു. അഫിലിയേഷന്‍ സംബന്ധിച്ച അനുമതി പത്രം ഹാജരാക്കാത്തതും, വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി പിന്‍വലിച്ചത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കമ്മീഷന് എന്തെങ്കിലും സംശയം ഉണ്ടായിരുന്നുവെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കണമായിരുന്നു. പതിനെട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പിഴ തുകയില്‍ അഞ്ച് ലക്ഷം രൂപ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അക്കൗണ്ടില്‍ കമ്മീഷന്‍ നിക്ഷേപിക്കണം. കേസില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗൗരവ് ശര്‍മ്മ ഹാജരായി. കെഎംസിടി മെഡിക്കല്‍ കോളേജിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗും, അഭിഭാഷക എംകെ അശ്വതിയും ഹാജരായി.

Top