കൊച്ചി: സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണത്തിനായി ആവശ്യമുള്ള എച്ച്.എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആര്‍.ബി.ഡി.സി.കെക്ക് വിട്ടുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ അവസാന കടമ്പയും നീങ്ങിയെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമിപ്രശ്നമെന്നും മന്ത്രി പറഞ്ഞു.റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.34 കോടി രൂപ ദേശസാല്‍കൃത ബാങ്കില്‍ കെട്ടിവെക്കുന്നതിന് സുപ്രീംകോടതി അനുമതി തേടാന്‍ തിരുവനന്തപുരത്ത് രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന ഉന്നത മന്ത്രിതല യോഗം തീരുമാനിച്ചിരുന്നു.
സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ ഭാഗമായി എന്‍.എ.ഡി – മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി രൂപ കൂടി അനുവദിക്കാന്‍ കഴിഞ്ഞ കിഫ്ബി ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി നാലുവരിയാക്കാന്‍ അവശേഷിക്കുന്ന ഭാരത് മാത കോളേജ് – കളക്ടറേറ്റ് റീച്ചും ഇന്‍ഫോപാര്‍ക്ക് – ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.