ദേവികുളം കേസ്: ഹൈക്കോടതി വിധിക്കുള്ള സ്റ്റേ നീക്കണമെന്ന വാക്കാലുള്ള ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ദേവികുളം കേസ്: ഹൈക്കോടതി വിധിക്കുള്ള സ്റ്റേ നീക്കണമെന്ന വാക്കാലുള്ള ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
ദേവികുളം കേസ്: ഹൈക്കോടതി വിധിക്കുള്ള സ്റ്റേ നീക്കണമെന്ന വാക്കാലുള്ള ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കുള്ള സ്റ്റേ നീക്കണമെന്ന് വാക്കാലുള്ള ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ ഉള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേ നീക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയത്.

ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ എംഎല്‍എ ആയ എ.രാജ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഇന്നലെ നാല് ആഴ്ചത്തേക്ക് നീട്ടി വച്ചിരുന്നു. അതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതായും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. രാജയുടെ അഭിഭാഷകന്‍ ജി പ്രകാശ് അവശ്യപെട്ടതിനെ തുടര്‍ന്നാണ് സ്റ്റേ ഉത്തരവ് സുപ്രീം കോടതി നീട്ടി നല്‍കിയത്.

സ്റ്റേ ആവശ്യപ്പെടുമ്പോള്‍ തങ്ങള്‍ കോടതിയില്‍ ഇല്ലായിരുന്നുവെന്ന് കേസിലെ എതിര്‍ കക്ഷിയായ ഡി കുമാറിന്റെ അഭിഭാഷകന്‍ അല്‍ജോ കെ ജോസഫ് ഇന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. സ്റ്റേ നീക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. എന്നാല്‍ വാക്കാലുള്ള ആവശ്യത്തില്‍ സ്റ്റേ നീക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സ്റ്റേ ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ അപേക്ഷ ലിസ്റ്റ് ചെയ്യാന്‍ പുതിയ ഒരു അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു. എ രാജയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവര്‍ ആണ് സുപ്രീംകോടതിയില്‍ ഇന്ന് ഹാജരായത്.

സ്റ്റേ ഇല്ലാത്തതിനാല്‍ ദേവികുളത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് ഉള്ളതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചത്. കമ്മിഷന്‍ തീരുമാനത്തിനെതിരെ കുമാര്‍ നല്‍കിയ റിട്ട് ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്.

Top