നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ ബസ് സര്‍വീസ്; വിഎച്ച്പിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി അന്തിമ തീരുമാനമെടുക്കാമെന്ന് അറിയിച്ചാണ് കോടതി ഇടക്കാല ഉത്തരവിറക്കണമെന്ന വിഎച്ച്പിയുടെ ആവശ്യം തള്ളിയത്.

നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ ബസ് സര്‍വീസ്; വിഎച്ച്പിയുടെ ആവശ്യം തള്ളി സുപ്രീംകോടതി
നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ ബസ് സര്‍വീസ്; വിഎച്ച്പിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

ഡല്‍ഹി: മണ്ഡലകാലം കണക്കിലെടുത്ത് നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന വിഎച്ച്പിയുടെ ആവശ്യം തള്ളി സുപ്രീംകോടതി. കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി അന്തിമ തീരുമാനമെടുക്കാമെന്ന് അറിയിച്ചാണ് കോടതി ഇടക്കാല ഉത്തരവിറക്കണമെന്ന വിഎച്ച്പിയുടെ ആവശ്യം തള്ളിയത്. കേസ് അന്തിമവാദത്തിനായി മാറ്റുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ശബരിമല തീര്‍ത്ഥാടകാരില്‍ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. നിലയ്ക്കല്‍ – പമ്പ റൂട്ട് ദേശസാല്‍കൃതം ആണെന്നും അവിടെ സര്‍വീസ് നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരം ഉള്ളൂവെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.

നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ബസ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്കാണ് അധികാരമെന്നും തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍, ബസുകള്‍ വാടകയ്ക്ക് എടുത്ത് സൗജന്യ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന വിഎച്ച്പിയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ കെ എസ് ആര്‍ടിസിക്കായി അഭിഭാഷകന്‍ ദീപക് പ്രകാശ് ഹാജരായി, വിഎച്ച്പിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ചിദംബരേഷ്, സംസ്ഥാനത്തിനായി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍,അഭിഭാഷകന്‍ ആലിം അന്‍വര്‍ എന്നിവര്‍ ഹാജരായി.

Top