CMDRF

പട്ടയഭൂമിയിലെ മരങ്ങളുടെ അധികാരം സംസ്ഥാനസര്‍ക്കാരിനെന്ന് സുപ്രീം കോടതി

പട്ടയഭൂമിയിലെ മരങ്ങളുടെ അധികാരം സംസ്ഥാനസര്‍ക്കാരിനെന്ന് സുപ്രീം കോടതി
പട്ടയഭൂമിയിലെ മരങ്ങളുടെ അധികാരം സംസ്ഥാനസര്‍ക്കാരിനെന്ന് സുപ്രീം കോടതി

ഡല്‍ഹി: കേരളത്തിലെ വനഭൂമി ക്രമീകരണനിയമപ്രകാരമുള്ള പട്ടയഭൂമിയിലെ മരങ്ങളുടെ അധികാരം സംസ്ഥാനസര്‍ക്കാരിനെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഇടുക്കി ജില്ലയില്‍ നിന്നുള്ള കേസിലാണ് സുപ്രീംകോടതി ഉത്തരവ്. ജയകുമാര്‍ എന്ന വ്യക്തി തന്റെ പിതാവിന് ലഭിച്ച വനഭൂമി ക്രമീകരണനിയമപ്രകാരമുള്ള പട്ടയ ഭൂമിയില്‍ നിന്ന് അഞ്ഞലി മരം മുറിച്ചതാണ് കേസിന് ആധാരം.

ഇതിനെതിരെ എടുത്ത കേസിലെ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. പിതാവിന് ലഭിച്ച ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നത് കുറ്റമല്ല എന്നായിരുന്നു കേരള ഹൈക്കോടതി നീരീക്ഷണം. എന്നാല്‍, ഇതിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതി സമീപിച്ചു. മരങ്ങളുടെ അവകാശം സര്‍ക്കാരിനാണെന്നും നിയമപ്രകാരമുള്ള അധികാരം ഹൈക്കോടതി പരിഗണിച്ചില്ലെന്നും കേരളത്തിനായി സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് വാദിച്ചു.

എന്നാല്‍ അഞ്ഞലി മരം മുറിക്കുന്നതിന് ഡിഎഫ്ഒയുടെ അനുവാദം വേണ്ടെന്ന് കേസിലെ എതിര്‍കക്ഷി വാദിച്ചു. അനുവാദം ഇല്ലാതെ മരം മുറിച്ചത് കുറ്റകരമാണെന്ന് സര്‍ക്കാര്‍ വാദം അംഗീകരിച്ച സുപ്രീം കോടതി കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. കേസിന്റെ മറ്റു നടപടികള്‍ ഇടുക്കിയിലെ കോടതിയില്‍ തുടരാനും സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ എതിര്‍കക്ഷിയായ ജയകുമാറിനായി അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ ഹാജരായി.

Top