പരമാത്മാവ് മോദിയുടെ ആത്മാവുമായി നേരിട്ട് സംസാരിക്കുന്നു; ലോക്‌സഭയില്‍ മോദിയെ പരിഹസിച്ച് രാഹുല്‍

പരമാത്മാവ് മോദിയുടെ ആത്മാവുമായി നേരിട്ട് സംസാരിക്കുന്നു; ലോക്‌സഭയില്‍ മോദിയെ പരിഹസിച്ച് രാഹുല്‍

പ്രധാനമന്ത്രിക്ക് ദൈവവുമായി നേരിട്ട് കണക്ഷന്‍ ഉണ്ടെന്നും പരമാത്മാവ് മോദിയുടെ ആത്മാവുമായി നേരിട്ട് സംസാരിക്കാറുണ്ടെന്നും മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. മോദി നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രിയാണെന്നും ലോക്‌സഭയില്‍ രാഹുല്‍ പരിഹസിച്ചു.

ഗാന്ധിയെ ലോകമറിഞ്ഞത് സിനിമയിലൂടെയാണെന്ന മോദിയുടെ പരാമര്‍ശത്തെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാര്‍ നടത്തിയത് ഭരണഘടനയ്ക്കെതിരായ ആക്രമണം ആയിരുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിയായിരുന്നു നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചത്. ഭരണഘടനയെ സംരക്ഷിക്കാനാണ് നിലകൊളളുന്നതെന്നും രാഹുല്‍ പറഞ്ഞു. പല പ്രതിപക്ഷ നേതാക്കളും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ഞങ്ങളുടെ പലനേതാക്കളും ജയിലിലായി. തന്നെയും ആക്രമിക്കാന്‍ മോദി ശ്രമിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കുന്നത് സന്തോഷമാണെന്നും രാഹുല്‍ വ്യക്തമാക്കി.

അതേ സമയം ഹിന്ദുവിന്റെ പേരില്‍ ഇന്ത്യയില്‍ അക്രമം നടക്കുന്നുണ്ടെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരേ ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കി. അമിത് ഷാ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു.

Top