CMDRF

പൊലീസിനെ വെട്ടിച്ച് കടന്ന പ്രതി പിടിയില്‍

പൊലീസിനെ വെട്ടിച്ച് കടന്ന പ്രതി പിടിയില്‍
പൊലീസിനെ വെട്ടിച്ച് കടന്ന പ്രതി പിടിയില്‍

തിരുവല്ല: നഗരത്തിലെ ബാര്‍ പരിസരത്ത് ഉണ്ടായ അടി പിടിക്കിടെ യുവാവിന്റെ വൃഷണം കടിച്ചു പറിച്ച സംഭവത്തില്‍ തിരുവല്ല പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയിലായി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ സ്റ്റേഷനില്‍നിന്നും രക്ഷപ്പെട്ട കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന്‍ അലക്‌സാണ്ടര്‍ (28) ആണ് കോട്ടയത്ത് പിടിയിലായത്.

ചൊവ്വാഴ്ച കുറ്റപ്പുഴ അമ്പാടി വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന സവീഷ് സോമനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് സുബിനെ പൊലീസ് പിടികൂടിയിരുന്നത്. ബാറില്‍ നിന്നും മദ്യപിച്ച് ഇറങ്ങിയ സുബിന്‍ മറ്റാരെയോ ഫോണ്‍ ചെയ്യാനായി സവീഷിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ 3000 രൂപ തനിക്ക് തരണം എന്ന് സുബിന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.

ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ബാര്‍ പരിസരത്തു നിന്നും കസ്റ്റഡിയില്‍ എടുത്ത സുബിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി സ്‌റേറഷനില്‍ എത്തിച്ചപ്പോഴാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

വീട് കയറിയുള്ള ആക്രമണം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സുബിനെ 2023 ല്‍ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിന്‍ വീണ്ടും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്.

Top