ഭോപ്പാൽ: വിദ്യാർത്ഥിനിയുടെ മുടിമുറിച്ച സംഭവത്തിൽ അധ്യാപക ദിനത്തിൽ തന്നെ അധ്യാപകന് സസ്പെൻഷൻ. നിലവിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്യലഹരിയിൽ കുട്ടിയുടെ മുറി മുറിയ്ക്കുന്നതിന്റെയും ഭയന്നുപോയ കുട്ടി നിലവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ സമൽഖേദിയിലാണ് സംഭവം.
വീർ സിങ് മേധ എന്ന് പേരുള്ള അധ്യാപകനെതിരെയാണ് നടപടി സ്വീകരിച്ചത്. മുടി മുറിക്കുമ്പോൾ ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജില്ലാ കളക്ടർ രാജേഷ് ബാതം നടപടി സ്വീകരിച്ച വിവരം സ്ഥിരീകരിച്ചു. അതേസമയം സ്കൂളിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ അവിടേക്ക് ചെന്നത്. ആ സമയം മദ്യലഹരിയിലായിരുന്ന അധ്യാപകൻ പെൺകുട്ടിയുടെ മുടി മുറിയ്ക്കുന്നതും കുട്ടി കരയുന്നതുമാണ് കണ്ടത്.
Also Read: മുംബൈയിൽ വാണിജ്യ കെട്ടിടത്തിൽ അഗ്നിബാധ
മുടി മുറിച്ചത് പഠിക്കാത്തതുകൊണ്ട് !
നാട്ടുകാർ അധ്യാപകനോട് കാര്യം ചോദിച്ചപ്പോൾ പഠിക്കാത്തതിന് കുട്ടിയെ ശിക്ഷിക്കുകയാണെന്നായിരുന്നു ഇയാളുടെ വാദം. നാട്ടുകാർ ഇടപെട്ട് കുട്ടിയെ ഇയാളുടെ അടുത്ത് നിന്ന് മാറ്റി. എന്നാൽ സംഭവങ്ങൾ ചിലർ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.
Also Read: ലാൽബാഗ്‌ച രാജയ്ക്ക് സ്വർണ്ണ കിരീടം സമ്മാനിച്ച് അനന്ത് അംബാനി
ഒരു കൈയിൽ കത്രികയുമായി നിൽക്കുന്ന അധ്യാപകൻ, കരയുന്ന കുട്ടിയുടെ, കെട്ടിവെച്ചിരിക്കുന്ന മുടിയിൽ പിടിച്ചു നിൽക്കുന്നത് ഈ വീഡിയോയിൽ കാണാം. നാട്ടുകാർ ഇടപെടുമ്പോൾ ഇയാൾ അവരോട് കയർക്കുകയും ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ജില്ലാ കളക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ കളക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.