കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സ്വകാര്യ ലോ കോളേജിലെ ഹിജാബ് വിവാദത്തെ തുടര്‍ന്ന് രാജിവെച്ച അധ്യാപിക തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കോളേജിനെ അറിയിച്ചു. താന്‍ വീണ്ടും ജോലിയില്‍ ചേരുന്നില്ലെന്ന് അറിയിച്ച് അധ്യാപിക സഞ്ജിദ ഖാദര്‍ കോളേജ് മാനേജ്മെന്റിന് ഇമെയില്‍ അയക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്‍.ജെ.ഡി ലോ കോളേജില്‍ ജോലി ചെയ്യുന്ന സഞ്ജിദ ഖാദര്‍ ഈ വര്‍ഷം മാര്‍ച്ച് മുതലാണ് ഹിജാബ് ധരിച്ച് ജോലിക്ക് വരാന്‍ തുടങ്ങിയത്. ഹിജാബിനെ ചുറ്റി പറ്റി വിവാദങ്ങള്‍ ആരംഭിച്ചതോടെ കോളേജ് അധികൃതര്‍ ഹിജാബ് നിരോധിച്ചുള്ള ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സഞ്ജിദ ജൂണ്‍ അഞ്ചിന് രാജി വെച്ചു.
‘നിങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീണ്ടും ചേരേണ്ടതില്ല, പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ തീരുമാനിക്കുകയാണ്, ഈ സമയത്ത് എന്റെ കരിയറിന് വേണ്ടിയുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ എന്നായിരുന്നു തിരികെ കോളേജിലേക്ക് വരാന്‍ ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ അയച്ച സന്ദേശത്തിനുള്ള അവരുടെ മറുപടി.
അധ്യാപികയുടെ തീരുമാനത്തില്‍ അവരെ ബഹുമാനിക്കുന്നെന്നും അവര്‍ക്കൊരു മികച്ച കരിയര്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നെന്നുമായിരുന്നു കോളേജ് അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്.
വിഷയം വിവാദമായതോടെ കോളേജ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ആശയവിനിമയത്തില്‍ ഉണ്ടായ പ്രശ്‌നമാണ് ഇതിനു കാരണമെന്നാണ് അധികൃതര്‍ പറഞ്ഞത്. കോളേജിന് പ്രത്യേക ഡ്രെസ് കോഡ് ഇല്ലെന്നും അധ്യാപക തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് കോളേജ് അധികൃതര്‍ സംഭവത്തോട് പ്രതികരിച്ചത്.