ഹൈദരാബാദ്: സംഗീതപരിപാടിക്ക് തൊട്ട് മുമ്പ് ഗായകന്‍ ദില്‍ജിത്ത് ദോസാഞ്ജിന് നോട്ടീസ് നൽകി തെലുങ്കാന സര്‍ക്കാര്‍. വെള്ളിയാഴ്ച വൈകിട്ട് നടത്താൻ തീരുമാനിച്ച ദിൽ-ലുമിനാറ്റി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് ഗായകന് നോട്ടീസ് അയച്ചത്. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുതെന്നാണ് നോട്ടീസിൽ പറയുന്നത്.
ലൈവിൽ ഇത്തരം പാട്ടുകൾ പാടുന്നത് നിർത്തണമെന്നും നേരത്തെ ഇത്തരം ഗാനങ്ങൾ അവതരിപ്പിച്ചിരുന്നുവെന്നും നോട്ടീസിൽ പരാമർശിക്കുന്നു. ഛത്തീസ്ഗഡില്‍ നിന്നുള്ളൊരു അധ്യാപകൻ ഒക്ടോബര്‍ 26നും 27നും നടന്ന പരിപാടിയില്‍ ഗായകന്‍ ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിച്ചു എന്നാരോപിച്ച് ഒരു പരാതി നൽകിയിരുന്നു. പിന്നാലെയാണ് ദിൽജിത്തിന് നോട്ടീസ് ലഭിച്ചത്.
Also Read: ഡോക്ടർമാർ മരുന്നുകളുടെ പാർശ്വഫലങ്ങൾ രോഗികളോട് വ്യക്തമാക്കണമെന്ന ഹർജി തള്ളി
ഒക്ടോബർ 26ന് ന്യൂഡൽഹിയിലാണ് രാജ്യത്തെ 11 നഗരങ്ങളിലായി സംഘടിപ്പിക്കുന്ന ദൊസാഞ്ജിന്റെ ദിൽ-ലുമിനാറ്റി ടൂർ ആരംഭിച്ചത്. ഹൈദരാബാദ് മൂന്നാമത്തെ വേദിയാണ്. നോട്ടീസ് വരാനിരിക്കുന്ന പരിപാടിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
തീവ്രമായ ശബ്ദവും പ്രകാശവും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ പഠനത്തിന് പിന്നാലെ ഇത്തരം പരിപാടികളിൽ കുട്ടികളെ സ്റ്റേജിൽ കയറ്റരുതെന്ന് വനിതാ-ശിശു വികസന, വയോജന ക്ഷേമ വകുപ്പ് പുറത്തിറക്കിയ നോട്ടീസിലും പറയുന്നു.