മണ്ണഞ്ചേരി: സ്‌കൂട്ടര്‍ യാത്രികയെ ബൈക്കില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തി ഏഴു പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍.
കൊല്ലം വടക്കേവിള തേജസ് നഗറില്‍ ഉലവന്റഴികം അമീര്‍ഷ (20), കൊല്ലം വടക്കേവിള മാളവികവെളിയില്‍ ഫാത്തിമ മന്‍സിലില്‍ സൈതലി (23) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 30ന് കലവൂര്‍ ആനകുത്തി പാലത്തിന് വടക്കായിരുന്നു സംഭവം.
സ്‌കൂട്ടറില്‍ വരികയായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് റോഡുമുക്ക് കൈതക്കാപറമ്പില്‍ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീതയുടെ (39) താലിമാലയാണ് ഇവര്‍ കവര്‍ന്നത്. സൈതലി ഓടിച്ച ബൈക്ക് പ്രസീതയുടെ സ്‌കൂട്ടറില്‍ ഇടിച്ചുവീഴ്ത്തിയശേഷം അമീര്‍ഷയാണ് കഴുത്തില്‍കിടന്ന മാല പൊട്ടിച്ചെടുത്തത്.
സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റി താഴെ വീണ യുവതിയുടെ വലതു ഭാഗത്തെ രണ്ടു വാരിയെല്ലുകളും വലതു കൈയുമൊടിഞ്ഞു. മുന്‍നിരയിലെ പല്ല് പൊട്ടുകയും ചെയ്തു. തുടര്‍ന്ന് മോഷ്ടാക്കള്‍ ബൈക്കില്‍ എ.എസ് കനാല്‍ തീരത്തുകൂടി തെക്കോട്ട് രക്ഷപ്പെട്ടതായി മണ്ണഞ്ചേരി എസ്.ഐ കെ.ആര്‍.ബിജു പറഞ്ഞു. പല കേന്ദ്രങ്ങളില്‍ നിന്ന് ഇവരുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് പാലക്കാട് പൊലീസിന്റെ പിടിയിലായ പ്രതികളെ കോടതി മുഖാന്തിരമാണ് നാലു ദിവസത്തെ കസ്റ്റിഡിയില്‍ മണ്ണഞ്ചേരിയില്‍ എത്തിച്ചത്. പ്രതികളെ
സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.