ജില്ലാ കോടതിയില്‍ കള്ളന്‍ കയറി; ദൃശ്യങ്ങൾ പുറത്ത്

ജില്ലാ കോടതിയില്‍ കള്ളന്‍ കയറി; ദൃശ്യങ്ങൾ പുറത്ത്
ജില്ലാ കോടതിയില്‍ കള്ളന്‍ കയറി; ദൃശ്യങ്ങൾ പുറത്ത്

കാസർകോട്: ജില്ല കോടതി സമുച്ചയത്തിൽ കള്ളൻ കയറി. കോടതിയിലെ രേഖകള്‍ സൂക്ഷിക്കുന്ന റെക്കോർഡ് മുറിയുടെ പൂട്ടുൾപ്പെടെ തകർത്താണ് കള്ളൻ അകത്ത് കയറിയത്. സുരക്ഷാ ജീവനക്കാരെ കണ്ടപ്പോൾ ഓടിരക്ഷപ്പെട്ടു. ഒന്നാം നിലയിലെ ജില്ലാ ജഡ്ജിയുടെ ചേംബറിന് പുറത്ത് കമ്പിപ്പാര പിടിച്ചുനിൽക്കുന്ന കള്ളന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ചുറ്റിലും ജീവനക്കാരും സിസിടിവി ക്യാമറകളും ഉണ്ടായിട്ടും അതിന്‍റെ കണ്ണ് വെട്ടിച്ചാണ് കള്ളന്‍ അകത്ത് കയറിയത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

പ്രാഥമിക പരിശോധനയിൽ രേഖകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ. കള്ളൻ്റെ കയ്യിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോ​ഗിച്ച് ​ഗ്രില്ലിന്റെ പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. കോടതി വരാന്ത മുഴുവൻ നടന്നെത്തിയതായും സംശയിക്കുന്നു. മുഖംമൂടി ധരിച്ച ഒരാൾ പ്രവേശനകവാടത്തിലൂടെ നടന്നുപോകുന്നതും ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് റെക്കോർഡ് മുറിയുടെ വാതിലിന്റെ പൂട്ട് തകർത്തത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കോടതിയിലെ താഴത്തെ നിലയിലാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ റെക്കോർഡ് മുറി. ഈ മുറിയുടെ പുറത്തുള്ള ഗ്രിൽ താഴിട്ട് പൂട്ടാറില്ല. അകത്തെ വാതിലിന് മാത്രമാണ് താഴുള്ളത്. രാവിലെ തൂപ്പുജോലിക്കെത്തിയ ജീവനക്കാരിയാണ് പൂട്ട് പൊളിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

സംഭവത്തെ തുടർന്ന് കോടതി അധികൃതർ നൽകിയ പരാതിയിൽ വിദ്യാനഗർ എസ്ഐ വി രാമകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പൊലീസിന്‍റെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്. കോടതിയിലെ ഓഫീസിൽ നിന്ന് മറ്റ് രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഞായറാഴ്ച പുലർച്ചെയായിരിക്കാം മോഷ്ടാവ് ഇവിടെയും എത്തിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Top