താനൂരിലെ വിവാദ എം.ഡി.എം.എ കേസിലെ മൂന്നാം പ്രതി അന്ന് പിടിച്ചതിന്റെ നാല് ഇരട്ടിയോളം എം.ഡി.എം.എ സഹിതം പിടിയിലായ വാർത്ത പുറത്ത് വന്നതോടെ, പ്രതികളെ ‘വെളുപ്പിക്കാൻ’ ശ്രമിച്ച മാധ്യമങ്ങൾ വെട്ടിലായി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ ജി.എൻ മനോജ് കുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
താനൂരിൽ എം.ഡി.എം.എ കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത താമീർ ജിഫ്രി മരണപ്പെട്ട സംഭവം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് 8 പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. ഈ സംഭവത്തിന്റെ പൂർണ്ണമായ സത്യാവസ്ഥ ഇന്നുവരെ പുറത്ത് വന്നിട്ടില്ല.
സമൂഹത്തിൽ ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന എം.ഡി.എം.എ കച്ചവടം ചെയ്തതിനു പിടിക്കപ്പെട്ട 5 പേരിൽ ഒരാളായിരുന്നു താമിർ. അമിതമായ എം.ഡി.എം.എ ഉപയോഗത്തെ തുടർന്ന് ഹൃദ്രോ ഗബാധിതനായിരുന്ന താമിർ പിടിക്കപെടുമെന്നു ഉറപ്പായപ്പോൾ 2 പായ്ക്കറ്റ് എം.ഡി.എം.എ വിഴുങ്ങിയിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇത് രാസപരിശോധന ഫലത്തിലും വ്യക്തമായിരുന്ന കാര്യം, അന്ന് സംഭവത്തിൽ സസ്പെൻഷനിലായ ഒരു പൊലീസുകാരൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
താമിർ പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതോടെ പൊലിസിനെതിരെ വ്യാപകമായാണ് പ്രതിഷേധം ഉയർന്നിരുന്നത്. വിഷയം ആളിക്കത്തിക്കാൻ മാധ്യമങ്ങളും ശ്രമിച്ചിരുന്നു. പൊലീസിൻ്റെ വാദമോ, മയക്കുമരുന്ന് ഉപയോഗമോ ഒന്നും പരിഗണിക്കാതെയുള്ള ഈ കടന്നാക്രമണം പൊലീസ് സേനയെ ആകെ പ്രതിരോധത്തിലാക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരുന്നത്.
ജനപ്രീതി ലഭിക്കുന്നതിനായി പോലീസുകാരെ പ്രതിക്കൂട്ടിലാക്കി ഇത്തരം ക്രിമിനൽ സംഘത്തെ സഹായിക്കുന്ന മാധ്യമങ്ങൾ നശിപ്പിച്ചത് സത്യസന്ധതയോടെ ജോലി ചെയ്തിരുന്ന പോലീസുകാരെയും അവരുടെ കുടുംബങ്ങളേയുമാണെന്നാണ്, പൊലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇതേ അഭിപ്രായം വിരമിച്ച പൊലീസ് ഉന്നതർ ഉൾപ്പെടെ പലഘട്ടങ്ങളിലും പ്രകടിപ്പിച്ചിട്ടുമുണ്ട്. ഏകപക്ഷീയമായി മാധ്യമവിചാരണ ചെയ്ത് മാധ്യമങ്ങൾ നശിപ്പിച്ചത് കേരളത്തിലെ ഓരോ പോലീസുകാരുടെയും മനോവീര്യത്തെയാന്നെന്നാണ് ഈ വിഭാഗം തുറന്നടിക്കുന്നത്.
ഇപ്പോൾ അതേ കേസിലെ മൂന്നാം പ്രതികൂടി എം.ഡി.എം.എയുമായി പിടിയിലായതോടെ, പ്രതികൾക്ക് വേണ്ടി വാദിച്ച് രംഗത്ത് വന്ന മാധ്യമങ്ങളും വെട്ടിലായിരിക്കുകയാണ്.
ഈ സംഭവത്തെ ചർച്ച ചെയ്യാൻ ഏതെങ്കിലും മാധ്യമങ്ങൾ തയ്യാറുണ്ടോ എന്ന ചോദ്യവുമായി തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആശിഷ് രംഗത്ത് വന്നത്, പൊലീസ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ വൈറലായിട്ടുണ്ട്. താനൂർ കേസിൽ പത്ത് മാസം സസ്പെൻഷനിലായിരുന്ന പൊലീസുകാരൻ കൂടിയാണ് ആശിഷ്. കേരളത്തിന്റെ യുവതലമുറയെ മയക്കുമരുന്ന് ലഹരിയിൽ നിന്നും രക്ഷിക്കേണ്ടതല്ലേ മാധ്യമങ്ങളുടെ യഥാർത്ഥ ധർമ്മമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
മയക്കുമരുന്നിനെതിരെ ഒരു അന്വേഷണം നടത്താൻ കേരളത്തിലെ മാധ്യമങ്ങൾക്ക് കഴിയുമോയെന്നും, കേരളത്തിലെ തന്നെ പ്രമുഖ കച്ചവടക്കാരെയാണ് അന്ന് താനൂർ കേസിൽ പോലീസ് പിടികൂടിയതെന്നും ആശിഷ് ചൂണ്ടിക്കാട്ടുന്നുണ്ട്. ‘വാ മോനെ പോലീസ് സ്റ്റേഷനിൽ പോകാം എന്ന് പറഞ്ഞാൽ ഒരു മയക്കുമരുന്നുകാരനും ജീപ്പിൽ കയറില്ല’ എന്നതാണ് ആശിഷിൻ്റെ വാദം. ദിവസങ്ങളോളം ഉറക്കമിളച്ച് അന്ന് തൊണ്ടിമുതലോടെ വൻ സംഘത്തെ വലയിലാക്കിയവർ ഇന്ന് ജയിൽ അറയ്ക്കുള്ളിലാണെന്നും അവരുടെ നീതിക്കായി ഇനിയും കാത്തിരിക്കാം എന്നു പറഞ്ഞു മാണ് ആ പൊലീസുകാരൻ സോഷ്യൽ മീഡിയയിലെ തൻ്റെ പ്രതികരണം അവസാനിപ്പിച്ചിരിക്കുന്നത്.