ക്വീൻസ്ലാൻഡ്: തീം പാർക്കിൽ പരിശീലകയെ കടിച്ച് കുടഞ്ഞ് ബംഗാൾ കടുവ. നാൽപത് വയസ് പ്രായമുള്ള പരിശീലകയ്ക്കാണ് ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ പാർക്കിൽ കടുവയുടെ ആക്രമണം നേരിട്ടത്. ശരീരമാസകലം പരിക്കേറ്റെങ്കിലും പരിശീലകയുടെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് ക്വീൻസ്ലാൻഡ് ആംബുലൻസ് സർവീസ് വിശദമാക്കുന്നത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
ഒറ്റപ്പെട്ട സംഭവമെന്നാണ് ആക്രമണത്തേക്കുറിച്ച് പാർക്ക് അധികൃതർ വിശദമാക്കുന്നത്. ഡ്രീം വേൾഡ് എന്ന തീം പാർക്കിലാണ് സംഭവമുണ്ടായത്. കടുവയുടെ ആക്രമണത്തിൽ രക്തം വാർന്നൊലിച്ച നിലയിലാണ് യുവതിയെ കടുവ കൂട്ടിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചത്. കടുവകളെ ആളുകൾക്ക് കൂടുതലായി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് ഡ്രീം വേൾഡ് ടൈഗർ ഐസ്ലാൻഡ് 30 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ചത്. ലോകത്തിൽ തന്നെ നിലവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന രണ്ട് പാർക്കുകളിൽ ഒന്നാണ് ഇത്. സുമാത്രൻ, ബംഗാൾ കടുവകളെയാണ് ഈ പാർക്കിൽ പാർപ്പിച്ചിട്ടുള്ളത്.
Also Read:ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തെക്കൻ ലബനാനിൽ ഇസ്രയേൽ വ്യോമാക്രമണം
ദിവസത്തിൽ രണ്ട് തവണയാണ് പാർക്കിൽ കടുവകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. ഈ പാർക്കിലെ ഏറ്റവും മുതിർന്ന പരിശീലകരിലൊരാളാണ് ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. 2013ൽ സമാനമായ മറ്റൊരു ആക്രമണത്തിൽ പരിശീലകന് പരിക്കേറ്റ് കിടപ്പിലായിരുന്നു. ആളുകൾക്ക് മുന്നിലേക്ക് കടുവയെ എത്തിക്കാനായി ഇറങ്ങിയ പരിശീലകയ്ക്കാണ് തിങ്കളാഴ്ച പരിക്കേറ്റത്. പിന്നാലെ പാർക്ക് അടച്ചിരിക്കുകയാണ് അധികൃതർ. രണ്ട് മില്യൺ ആളുകൾ ഓരോ വർഷവും സന്ദർശിക്കുന്ന ഈ പാർക്കിൽ 9 ബംഗാൾ കടുവകളാണ് ഉള്ളത്.