ഹാഥ്‌റസ് ദുരന്തം; അപകടകാരണം ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ തിരക്കുകൂട്ടിയത്

ഹാഥ്‌റസ് ദുരന്തം; അപകടകാരണം ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ തിരക്കുകൂട്ടിയത്
ഹാഥ്‌റസ് ദുരന്തം; അപകടകാരണം ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ തിരക്കുകൂട്ടിയത്

ഹാഥ്റസ്: ആൾദൈവം ഭോലെ ബാബയുടെ പ്രാർത്ഥനാ ചടങ്ങിൽ നൂറിലേറെപ്പേർ മരിക്കാനിടയായത് ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ അനുയായികൾ തിരക്കുകൂട്ടിയത് മൂലം. മരിച്ച 116 പേരിൽ 110 സ്ത്രീകളും 5 കുട്ടികളുമുണ്ട്. അനുവദിച്ചതിലധികം ആളുകളെ പങ്കെടുപ്പിച്ചതിനു പ്രഭാഷകൻ ഭോലെ ബാബയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ ബാബ ഒളിവിലാണ്.

ഹാഥ്റസ് ജില്ലയിലെ സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ പുൽറായ്ക്കടുത്ത് കാൺപുർ – കൊൽക്കത്ത ഹൈവേയിലായിരുന്നു ദുരന്തം. റോഡിന് ഇടതുവശത്തുള്ള വയലിനു സമീപത്താണു പ്രഭാഷണത്തിനു വേദി ഒരുക്കിയത്. 60,000 പേർക്കു മാത്രം അനുമതി ഉണ്ടായിരുന്നിടത്തു രണ്ടര ലക്ഷത്തോളം ആളുകൾ എത്തി. അത്രയും പേരെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. തലേ ദിവസം മഴ പെയ്തിരുന്നതിനാൽ വയലിൽ വഴുക്കൽ ഉണ്ടായിരുന്നു.

പ്രഭാഷണം കഴിഞ്ഞു മടങ്ങിയ ബാബയുടെ കാൽപാദത്തിനടിയിലെ മണ്ണു ശേഖരിക്കാൻ ആളുകൾ ധൃതി കൂട്ടുകയും കൂട്ടമായി വയലിലെ ചളിയിലേക്കു മറിഞ്ഞു വീഴുകയുമായിരുന്നു. ഇതിനിടയ്ക്കു പ്രഭാഷകനു കടന്നുപോകാനായി സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ തള്ളിമാറ്റിയതായും ദൃക്സാക്ഷികൾ പറഞ്ഞു. വീണുപോയ ആളുകൾക്ക് എഴുന്നേറ്റു മാറാനായില്ല. തിരക്കു വർധിച്ചതോടെ ശ്വാസം കിട്ടാതായതായും കണ്ടുനിന്ന ചിലർക്ക് ഹൃദയാഘാതം സംഭവിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഉടനെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി. രണ്ടര ലക്ഷത്തോളം ആളുകളെ നിയന്ത്രിക്കാനോ രക്ഷാപ്രവർത്തനം നടത്താനോ വേണ്ടത്ര സേന ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നു രക്ഷപ്പെട്ടവർ ആരോപിച്ചു.

Top