മുംബൈ: മുംബൈയിലെ ദാദർ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി. പ്ലാറ്റ് ഫോമിലുള്ളവർക്ക് ഉള്ളിൽ കയറാനും ട്രയിനിനകത്തെ യാത്രക്കാർക്ക് പുറത്തിറങ്ങാനും കഴിയാതെ വന്നു. ഇതേതുടർന്ന് ട്രെയിൻ മാനേജരായ ഗോപാൽ ധാകെയെ സെൻട്രൽ റെയിൽവേ സസ്പെൻഡ് ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 10:05ന് ആണ് ട്രെയിൻ ദാദറിൽ എത്തിയത്. ഒരു മിനിറ്റ് നിർത്തിയ ശേഷം വാതിലുകൾ തുറക്കാതെ 10:06ന് പുറപ്പെടുകയും ചെയ്തു. മുംബൈ സബർബൻ സെക്ഷനിലെ ടിറ്റ്വാല-സി.എസ്.എം.ടി എയർകണ്ടീഷൻഡ് ട്രെയിനിലാണ് വാതിൽ തുറക്കാൻ ഗാർഡ് മറന്നത്.
Also Read: മഹാരാഷ്ട്രയിൽ എൻഡിഎ തരംഗം; ജാർഖണ്ഡിൽ ലീഡ് ഉറപ്പിച്ച് ഇന്ത്യാ മുന്നണി
‘ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തങ്ങൾ ഉചിതമായ നടപടിയെടുക്കും’, സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. എയർകണ്ടീഷൻ ചെയ്ത ലോക്കൽ ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ ക്ലോസർ സിസ്റ്റമാണ് സജ്ജീകരിച്ചത്. ഈ വാതിലുകളുടെ കൺട്രോൾ പാനൽ ട്രെയിൻ മാനേജരുടെ ക്യാബിനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ട്രെയിൻ മാനേജരാണ് വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്.