തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചര്‍ച്ച. എല്ലാ സംഘടനകളെയും നാളത്തെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിയുടെ ചേമ്പറില്‍ ആണ് ചര്‍ച്ച. സമരം തുടങ്ങി 13 ദിവസത്തിനുശേഷമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.
സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിം?ഗ് ടെസ്റ്റുകള്‍ നടക്കാത്ത സാഹചര്യമാണുള്ളത്. ടെസ്റ്റിന് എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നലെ തിരുവനന്തപുരം മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും അടക്കം കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെ വലിയതുറ പൊലീസാണ് കേസെടുത്തത്.
മോട്ടോര്‍ വെഹിക്കിള്‍ ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനോദിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് നടപടി എടുത്തത്. തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് ഇന്നലെയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയതുറ പൊലീസില്‍ പരാതി നല്‍കിയത്.