CMDRF

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി എന്നത് വാസ്തവം: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി എന്നത് വാസ്തവം: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി എന്നത് വാസ്തവം: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി എന്നത് വാസ്തവമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. എന്നാല്‍ താന്‍ സെറ്റില്‍മെന്റിന് തയ്യാറായി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഡിജിറ്റല്‍ കസ്റ്റഡിയിലെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. തന്റെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യും എന്നും അറിയിച്ചു. തന്റെ അക്കൗണ്ടിലെ മുഴുവന്‍ തുകയും തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തു. കൂടാതെ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മറ്റൊരു വൈദികന്റെ അക്കൗണ്ടില്‍ നിന്നും കൈമാറ്റം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ ആയിരുന്നു തട്ടിപ്പ് നടത്തിയത്. തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് സംശയം തോന്നിയതെന്നും സിബിഐയുടെയും സുപ്രീംകോടതിയുടെയും വ്യാജ ചിഹ്നങ്ങള്‍ തട്ടിപ്പുകാര്‍ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഴുവന്‍ തുകയും ട്രാന്‍സ്ഫര്‍ ചെയ്തത് എന്നും കേസിന്റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കുമ്പോള്‍ പണം തിരിച്ചു തരാം എന്നായിരുന്നു തട്ടിപ്പുകാര്‍ അറിയിച്ചതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ്’ പറഞ്ഞു.

‘ഇനി ആര്‍ക്കും ഇങ്ങനെ അബദ്ധം സംഭവിക്കരുത്. സൈബര്‍ വിഭാഗം ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തണം. മറച്ചുവെക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് താന്‍ പൊലീസിനെ അറിയിച്ചത്. തട്ടിപ്പിനിരയായ പലരും ജാള്യത കൊണ്ട് പൊലീസിനെ അറിയിക്കാറില്ല. താന്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണവും സമ്മാനങ്ങളുമാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സുപ്രീം കോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറണം എന്നാണ് തട്ടിപ്പുകാര്‍ അറിയിച്ചത്. ഇക്കാരണത്തിലാണ് പണം തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്’ എന്നും ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

Top