ദില്ലി: മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിനോട് വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം . ഇ വൈ കമ്പനിയിലെ തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം വിവരങ്ങൾ തേടിയിട്ടുണ്ട്. വിഷയത്തിൽ പരിശോധനകൾ തുടരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം അന്നയുടെ മരണത്തേക്കുറിച്ച് പഠിക്കാൻ കമ്പനി അധിക്യതരെയും വിളിപ്പിക്കുമെന്നും വ്യക്തമാക്കി.
അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ നിയമ നടപടികളിലേക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബമുള്ളത്.സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നാണ് അന്നയുടെ കുടുംബത്തിന്റെ ആവശ്യം. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അന്ന സെബാസ്റ്റ്യന്‍റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്താണ് വലിയ ചർച്ചകൾക്ക് വഴി തെളിച്ചത്. മകളുടെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പ്രമുഖ മാധ്യമത്തോട് പറഞ്ഞിരുന്നു.
ALSO READ: അറവുശാലയിൽ നിന്നോടിയ പോത്തിന് പിടിച്ച് ഹോം ഗാർഡ്
അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.തൊഴിൽ സമ്മർദ്ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യൻ ആലോചിച്ചിരുന്നതായി സുഹൃത്ത് ആൻമേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് വിളിച്ച് സംസാരിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് തന്നോട് പറഞ്ഞിരുന്നതെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.