ഇറാന് അനുകൂല സായുധ സംഘമായ ഹൂതികള്‍ ഇപ്പോള്‍ ആര്‍ജിച്ച ആയുധ കരുത്തില്‍ അമേരിക്കയും അവരുടെ സഖ്യകക്ഷികളും പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ ഇസ്രയേലിനെയും അമേരിക്കയെയും അവരുടെ സഖ്യകക്ഷികളുടെയും ചെങ്കടല്‍ വഴിയുളള വ്യാപാരത്തെ തടഞ്ഞ് പ്രതിസന്ധി ഉണ്ടാക്കുന്ന ചാവേര്‍ഗ്രൂപ്പ് എന്നതില്‍ നിന്നും ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആയുധ ശക്തി എന്ന രൂപത്തിലേക്ക് കരുത്താര്‍ജിച്ചു കഴിഞ്ഞതായാണ് അമേരിക്ക വിലയിരുത്തുന്നത്.
ലോക രാജ്യങ്ങള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ ശ്രദ്ധേയമായ സൈനിക- ആയുധശേഖരങ്ങള്‍ ഹൂതികള്‍ക്കുണ്ടെന്നത് അമേരിക്കന്‍ സൈനിക നേതൃത്വവും സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. ഹൂതികളുടെ ആയുധശേഷി എങ്ങനെ വിലയിരുത്തണമെന്നതിനെ സംബന്ധിച്ച് അമേരിക്കന്‍ പ്രതിരോധ വകുപ്പിന് ഇതുവരെയും കൃത്യമായി ഒരു ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. അക്വിസിഷന്‍ ആന്‍ഡ് സസ്റ്റൈന്‍മെന്റ് ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി വില്യം ലാപ്ലാന്റേ പറയുന്നത് ഹൂതികളുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ കാര്യത്തില്‍, അമേരിക്കന്‍ സൈന്യം വല്ലാതെ ”ഭയപ്പെടുകയാണ്”എന്നാണ്. വാഷിംഗ്ടണില്‍ നടന്ന ഒരു പ്രതിരോധ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാരും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.
ഗാസ യുദ്ധം ഒരു പ്രാദേശിക സുരക്ഷാ പ്രതിസന്ധിയിലേക്ക് വളര്‍ന്നതിന് ശേഷം കഴിഞ്ഞ വര്‍ഷം ചെങ്കടലില്‍ വിന്യസിച്ച അമേരിക്കന്‍ നാവികസേനയ്ക്ക് ഹൂതികളുടെ ആയുധങ്ങളുടെ കരുത്ത് നേരിട്ട് കാണാന്‍ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഹൂതികളുടെ മിസൈലുകള്‍ അമേരിക്കന്‍ യുദ്ധകപ്പലുകളുടെ 200 മീറ്ററിനുള്ളില്‍ വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വില്യം ലാപ്ലാന്റെയുടെ വെളിപ്പെടുത്തലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ യു.എസ്.എസ് ഡൈ്വറ്റ് ഡി. ഐസന്‍ഹോവര്‍ സൂപ്പര്‍കാരിയറിനെ ലക്ഷ്യമാക്കി ഹൂതി മിസൈല്‍ പതിച്ചത് യുദ്ധക്കപ്പലില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയാണെന്നാണ് വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയിലെ വിശകലന വിദഗ്ധര്‍. വെസ്റ്റ് പോയിന്റിന്റെ ഒക്ടോബര്‍ ലക്കത്തിലെ’വെസ്റ്റ് പോയിന്റ് ടെററിസം സെന്റര്‍ എന്ന ജേണലിലെ ഒരു ലേഖനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Also Read: ട്രംപിന്റെ ഇടപെടലോടെ റഷ്യയ്ക്ക് ഇരട്ടി നേട്ടം, സെലന്‍സ്‌കിയുടെ ആ ആഗ്രഹം നടക്കില്ല
ഹൂതികളുടെ ഭീഷണി ഒഴിവാക്കാന്‍ ജര്‍മ്മനി തങ്ങളുടെ യുദ്ധക്കപ്പലുകളെ വഴിമാറ്റി വിട്ടതും അമേരിക്കന്‍ ചേരിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ അമേരിക്കന്‍ യുദ്ധകപ്പലുകള്‍ ലക്ഷ്യമിട്ട് വ്യാപകമായ ആക്രമണം നടന്നിരിക്കുന്നത്. ഹൂതികളുടെ ആക്രമണം സ്ഥിരീകരിച്ച പെന്റ്ഗണ്‍ വക്താവ് കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ആക്രമണം ലക്ഷ്യം കണ്ടതായാണ് ഹൂതികള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നത്. അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യുഎസ്.എസ് എബ്രഹാം ലിങ്കന് നേരെ ആക്രമണം നടന്നതായും അവര്‍ വ്യക്തമാക്കുകയുണ്ടായി.
എന്നാല്‍, ഇതേകുറിച്ച് ഈ നിമിഷം വരെ അമേരിക്ക പ്രതികരിച്ചിട്ടില്ല. ഹുതികളുടെ മിസൈല്‍ വിമാന വാഹിനി കപ്പലിന്റെ അരികിലെത്തി എന്ന് പറഞ്ഞാല്‍ തന്നെ അത് അമേരിക്കയ്ക്ക് ഉണ്ടാക്കുന്ന നാണക്കേട് വലുതായിരിക്കും. നിരവധി യുദ്ധകപ്പലുകളുടെയും അറ്റാക്ക് ഹെലികോപ്റ്ററുകളുടെയും സംരക്ഷണത്തില്‍ മുന്നോട്ട് പോകുന്ന യു.എസ്.എസ് എബ്രഹാംലിങ്കന്റെ പരിസരത്ത് പോയിട്ട് മൈലുകള്‍ക്ക് അപ്പുറം ഒരു പക്ഷിക്കും പോലും പറക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനം ആണവ മിസൈല്‍ ഉള്‍പ്പെടെ വഹിക്കാവുന്ന പോര്‍വിമാനങ്ങളും വഹിച്ച് പോകുന്ന ഈ വിമാന വാഹിനി കപ്പല്‍ അമേരിക്കയെ സംബന്ധിച്ച് അഭിമാനവും എതിരാളികളെ സംബന്ധിച്ച് പേടി സ്വപ്നവുമാണ്.
ഈ പേടിയാണിപ്പോള്‍ ഹൂതികള്‍ പഴങ്കതയാക്കിയിരിക്കുന്നത്. അമേരിക്കയുടെ മൗനത്തില്‍ തന്നെ യാഥാര്‍ത്ഥ്യം വ്യക്തമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. യു.എസ്.എസ് ലാബൂണ്‍ ഡിസ്‌ട്രോയര്‍ ക്യാപ്റ്റനായ എറിക് ബ്ലോംബെര്‍ഗ് മുന്‍പ് അസോസിയേറ്റ് പ്രസ്സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഹൂതി മിസൈലുകള്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”ഞങ്ങള്‍ ചെയ്യുന്നത് എത്ര മാരകമാണെന്നും യുദ്ധകപ്പലുകള്‍ എത്രത്തോളം ഭീഷണിയിലാണ് തുടരുന്നതെന്നും ആളുകള്‍ ഇപ്പോഴും ശരിക്കും മനസ്സിലാക്കിയിട്ടില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചിരുന്നത്.
”വിമാനവാഹിനിക്കപ്പലുകള്‍ക്ക് അതിശക്തമായ പ്രതിരോധവും നൂതന സാങ്കേതികവിദ്യയും ഉണ്ടായിരുന്നിട്ടും ഹൂതികളുടെ ആക്രമണം നടക്കുന്നത് ആധുനിക യുദ്ധ പരിതസ്ഥിതികളില്‍ അത്തരം കപ്പലുകളുടെ ദുര്‍ബലതയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും ഇപ്പോള്‍ തുടക്കമിട്ടിട്ടുണ്ട്. ഏത് പ്രതിരോധ കോട്ടകളെയും തകര്‍ക്കാന്‍ കഴിയുന്ന ആധുനിക സാകേതിക വിദ്യകള്‍ ഹൂതികള്‍ ആര്‍ജിച്ചതിനെ ഞെട്ടലോടെയും ആശങ്കയോടെയുമാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് നോക്കി കാണുന്നത്.കഴിഞ്ഞ ജൂലൈയില്‍ ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ഒരു വിമാനമാതൃകയിലുള്ള ഡ്രോണ്‍ പറത്തിയ ഹൂതികള്‍ അമേരിക്കന്‍ എംബസി ലക്ഷ്യമിട്ടപ്പോള്‍ 100 മീറ്റര്‍ അകലെയുള്ള ഒരു കെട്ടിടമാണ് തകര്‍ന്ന് തരിപ്പണമായിരുന്നത്.
ഹമാസിന്റെ മാത്രമല്ല ഹൂതികളുടെയും വളര്‍ന്നുവരുന്ന സാങ്കേതിക വൈദഗ്ധ്യം ഇസ്രായേലും നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ഇസ്രായേലില്‍ നിരവധ ദീര്‍ഘദൂര മിസൈലുകളും ഹൂതികള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ പലതും ഇറാന്റെ കരുത്തുറ്റ അയണ്‍ഡോമിനെ മറികടന്നാണ് ലക്ഷ്യ സ്ഥാനങ്ങളില്‍ പതിച്ചിരുന്നത്. ഹൂതികളുടെ ഈ വര്‍ദ്ധിച്ചുവരുന്ന സാങ്കേതിക വൈദഗ്ധ്യത്തിന് ഇറാനെയാണ് ഇസ്രായേലും അമേരിക്കയും കാരണക്കാരായി കാണുന്നത്. 1990 ന് ശേഷം ഇറാനില്‍ അവശേഷിച്ച സോവിയറ്റ് കാലഘട്ടത്തിലെ വിവിധ പ്രതിരോധ ഉപകരണങ്ങള്‍ വിജയകരമായി നവീകരിക്കുകയും പ്രാദേശിക ഉപയോഗത്തിന് അനുയോജ്യമാക്കുകയും ചെയ്താണ് ഹൂതികള്‍ക്ക് കൈമാറിയിരുന്നത്.
ഇതാണിപ്പോള്‍ അവര്‍ എടുത്ത് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ അടുത്ത കാലത്തായി റഷ്യയില്‍ നിന്നും ലഭിച്ച പുതിയ ആയുധങ്ങളും ഹൂതികളുടെ കൈവശം എത്തിചേര്‍ന്നതായാണ് അമേരിക്ക കരുതുന്നത്. മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കുമൊപ്പം തന്നെ ഹൂതികള്‍ വ്യോമ പ്രതിരോധ ഉപകരണങ്ങളുടെ ഒരു ഗംഭീരനിരയെയും വിന്യസിച്ചിട്ടുണ്ട്. അമേരിക്കന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഡസനിലധികം അമേരിക്കയുടെ ഡ്രോണുകളെയാണ് ഹൂതികള്‍ വെടിവച്ചു വീഴ്ത്തിയിരിക്കുന്നത്.
ഹൂതികളെ തകര്‍ക്കാന്‍ നിരന്തരം യെമനിലെ താവളങ്ങളില്‍ അമേരിക്കയും ഇസ്രയേലും ബോംബിംഗ് നടത്തുന്നുണ്ടെങ്കിലും അതൊന്നും തന്നെ ഹൂതികളുടെ ആക്രമണ വീര്യത്തെ ബാധിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും ശക്തമായ അമേരിക്കയുടെ അത്യാധുനികമായ സൈനികര്‍ക്കെതിരെ ഗറില്ലാ യുദ്ധം നടത്താനുള്ള ഹൂതികളുടെ ശേഷി വലിയ ഭീഷണിയായാണ് അമേരിക്കന്‍ ഭരണകൂടം വിലയിരുത്തുന്നത്. ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ കോസ്റ്റ്സ് ഓഫ് വാര്‍ പ്രോജക്റ്റിന്റെ സമീപകാല റിപ്പോര്‍ട്ട് കണക്കാക്കുന്നത് കഴിഞ്ഞ വര്‍ഷം മാത്രം ഹൂതി വിരുദ്ധ നടപടിക്കായി പെന്റഗണ്‍ 2.5 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചു എന്നതാണ്.
Also Read: പാശ്ചാത്യ രാജ്യങ്ങൾ ഇടതിലേയ്ക്ക് ചായുന്നു, പിന്നിൽ കുടിയേറ്റമോ?
2023 ഒക്ടോബറില്‍ ഗാസയിലെ യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികളോട് പോരാടുന്നതിനും യെമനില്‍ ബോംബാക്രമണം നടത്തുന്നതിവുമാണ് ഇത്രയും ഡോളര്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ചിലവിട്ടിരിക്കുന്നത്. ഗാസയിലെ ആക്രമണത്തെ പിന്തുണച്ചതിനാലും ഇസ്രയേലിനെ സഹായിക്കാനായി യെമനിനെതിരെ ആക്രമണം നടത്തിയത് മൂലവും അമേരിക്ക സാമ്പത്തികവും സൈനികവുമായി വലിയ വില നല്‍കേണ്ടി വരുന്നുണ്ടെന്നാണ്” ഇതു സംബന്ധമായ ചോദ്യത്തിന് ഹൂതിനേതൃത്വം ‘ന്യൂസ് വീക്കിനോട്’ പ്രതികരിച്ചിരിക്കുന്നത്.
Express View
വീഡിയോ കാണാം