ട്രംപിനെ വധിക്കാൻ ശ്രമിക്കുന്നത് ഇറാനെന്ന് അമേരിക്ക, ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമെന്ന് സംശയം

ട്രംപിനെ കൊല്ലാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകമാണെന്നാണ് പുറത്ത് വരുന്ന വിവരം

ട്രംപിനെ വധിക്കാൻ ശ്രമിക്കുന്നത് ഇറാനെന്ന് അമേരിക്ക, ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമെന്ന് സംശയം
ട്രംപിനെ വധിക്കാൻ ശ്രമിക്കുന്നത് ഇറാനെന്ന് അമേരിക്ക, ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമെന്ന് സംശയം

ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധമായി ഇറാന് മുന്നറിയിപ്പ് നല്‍കണമെന്ന് ജോ ബൈഡന്‍ വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിനോട് പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റെ മുന്‍ഗാമിയുടെയോ മറ്റേതെങ്കിലും മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്റെയോ ജീവന് നേരെയുള്ള ഏതൊരു ശ്രമത്തെയും, അമേരിക്കയ്ക്ക് എതിരായ യുദ്ധപ്രവൃത്തിയായി കണക്കാക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഇറാന് കൈമാറാന്‍ ആഗ്രഹിക്കുന്ന സന്ദേശമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയായി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രംപ് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജോ ബൈഡന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും എല്ലാ വിഭവങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ട്രംപിന് നേരിടാനിടയുള്ള ഏതെങ്കിലും അപകടങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവിനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Joe Biden

”ഞങ്ങള്‍ ഈ ഭീഷണിയെ ദേശീയവും ആഭ്യന്തരവുമായ സുരക്ഷാ വിഷയമായി പരിഗണിക്കുന്നുവെന്നും, ഈ ധിക്കാരപരമായ ഭീഷണികള്‍ക്ക് ഇറാനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു എന്നുമാണ്, സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞിരിക്കുന്നത്. ‘യുഎസിനെ സേവിക്കുന്നത് തുടരുന്നവരോ മുമ്പ് സേവനമനുഷ്ഠിച്ചവരോ’ ഉള്‍പ്പെടെ ഏതെങ്കിലും അമേരിക്കന്‍ പൗരനെ ആക്രമിക്കുകയാണെങ്കില്‍ ടെഹ്റാന്‍ ‘കടുത്ത പ്രത്യാഘാതങ്ങള്‍’ നേരിടേണ്ടിവരുമെന്നതു തന്നെയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്”.

ഇറാനില്‍ നിന്ന് തന്റെ ജീവന് ‘വലിയ ഭീഷണികള്‍’ ഉണ്ടെന്ന് കഴിഞ്ഞ മാസം അവസാനം ട്രംപ് അവകാശപ്പെട്ടിരുന്നു. അടുപ്പിച്ച് തനിക്കെതിരെ നടന്ന രണ്ട് കൊലപാതക ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം ഒരു പ്രതികരണം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായ ട്രംപ് നടത്തിയിരുന്നത്. ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ വെച്ചും, സെപ്തംബറില്‍, ഫ്‌ലോറിഡയിലെ തന്റെ ഗോള്‍ഫ് ക്ലബ്ബില്‍ വെച്ചുമാണ്, ട്രംപിന് നേരെ വധശ്രമം നടന്നിരുന്നത്. ഇതില്‍ ഇറാന്‍ ഉള്‍പ്പെടാം, അല്ലെങ്കില്‍ ഉള്‍പ്പെടാതിരിക്കാം’എന്നതാണ് ട്രംപിന്റെ നിലപാട്.

Donald Trump

ഈ രണ്ട് സംഭവങ്ങളുമായി ഇറാനെ ബന്ധിപ്പിക്കുന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്നാണ് വിഷയവുമായി പരിചയമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്. ട്രംപിനെ കൊല്ലാനും രാജ്യത്ത് ‘അരാജകത്വം’ വിതയ്ക്കാനുമുള്ള ഇറാന്റെ പദ്ധതികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ അമേരിക്കന്‍ ഇന്റലിജന്‍സ് പ്രതിനിധികളുമായി ട്രംപിന്റെ ടീം ഇതിനകം തന്നെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് ട്രംപ് പ്രതികരണം നടത്തിയിരിക്കുന്നത്.

ട്രംപിനെ കൊല്ലാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകമാണെന്നാണ് പുറത്ത് വരുന്ന വിവരം. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെയാണ് ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം കൊന്നു കളഞ്ഞിരുന്നത്. 2020 ജനുവരിയിലായിരുന്നു ഈ സംഭവം നടന്നിരുന്നത്. ഇതിനുള്ള പ്രതികാരമാണ് ഇപ്പോള്‍ നടക്കുന്ന വധശ്രമമെന്നാണ് ട്രംപിനോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംശയിക്കുന്നത്. ഈ വാദം മുഖവിലയ്ക്ക് എടുത്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം തന്നെ നല്‍കിയിട്ടുണ്ട്.

Qasem Soleimani

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ഇസ്രയേല്‍ അനുകൂലിയും ഇറാന്‍ വിരോധിയുമായ ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായാല്‍ അത് ഇറാനെ സംബന്ധിച്ച് വലിയ ഭീഷണിയാണ്. പ്രസിഡന്റ് ആരായാലും അമേരിക്കന്‍ പോളിസി മാറില്ലെങ്കിലും മറ്റാരായാലും ട്രംപിനേക്കാള്‍ ഭേദമാണെന്ന വിലയിരുത്തലിനാണ് ഇറാന്‍ അനുകൂലികള്‍ക്കിടയില്‍ മുന്‍തൂക്കമുള്ളത്. മാത്രമല്ല, എല്ലാ കൊലപാതകങ്ങള്‍ക്കും എത്ര വൈകിയായാലും പ്രതികാരം ചെയ്യുമെന്നതും ഇറാന്റെ പ്രഖ്യാപിത നയമാണ്. ലോകമെങ്ങും നെറ്റ്‌വര്‍ക്കുള്ള നിരവധി സംഘങ്ങളുമായി ഇറാന് ബന്ധമുള്ളതിനാല്‍ ഒരു സാധ്യതയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും തള്ളിക്കളയുന്നില്ല. ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജോ ബൈഡനും മുന്‍ പ്രസിഡന്റായി മാറുമെന്നതും പെട്ടന്നുള്ള ഇടപെടലിന് ജോ ബൈഡനെ പ്രേരിപ്പിച്ച ഘടകമാണ്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇറാൻ്റെ ഹിറ്റ്ലിസ്റ്റിൽ പെട്ട രാഷ്ട്രതലവനാണ്. നെതന്യാഹുവിനെ വധിക്കാൻ ഇറാൻ ചാവേറുകളെ നിയോഗിച്ചതായ ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷയും ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഓപ്പറേഷന് സഹായിക്കാൻ ഇറാൻ ഏജൻസികൾ ഉപയോഗിച്ചെന്ന് പറയപ്പെടുന്ന ഒരു ഇസ്രയേലി പൗരനെ ഇസ്രയേൽ അറസ്റ്റ് ചെയ്തിരുന്നു. അടുത്തയിടെ ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങളിലും നിരവധി പേരാണ് കൊല്ലപ്പെട്ടിരുന്നത്.

ഇറാ​ൻ ​റിപബ്ലിക്കൻ ഗാർഡ്​ കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയെ വധിച്ച കേസുമായി ബന്ധപ്പെട്ട് 60 ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരെയാണ് ഇറാൻ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവരുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.

2020 ജനുവരി മൂന്നിന് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ച് അമേരിക്കൻ സൈന്യം ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിലൂടെ സുലൈമാനിയുടെ വാഹന വ്യൂഹത്തെ ആക്രമിക്കുമ്പോൾ ആ ആക്രമണത്തിൽ ഇറാഖിന്റെ അർദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനെയും കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തെ അപലപിച്ച ഇറാൻ “ഭരണകൂട ഭീകരത” എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നത്.

തുടർന്ന് 2020 ജനുവരി എട്ടിന് ഇറാഖി പ്രവിശ്യയായ അൻബാറിലെ അമേരിക്കൻ താവളത്തിൽ മിസൈലുകൾ വിക്ഷേപിച്ചുകൊണ്ടാണ് ഇറാൻ കൊലപാതകത്തിന് പ്രതികാരം ചെയ്തിരുന്നത്. ഇറാ​ന്‍റെ ​റിപബ്ലിക്കൻ ഗാർഡ്​ കമാൻഡർ എന്നതിന്​ പുറമെ മേഖലയിൽ ശിയ ശക്​തി കേന്ദ്രം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന മുതിർന്ന സൈനിക ഉദ്യോഗസ്​ഥൻ കൂടിയായിരുന്നു കൊല്ലപെട്ട ഖാസിം സുലൈമാനി. സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാഖിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതി​നുള്ള നീക്കത്തി​ന്‍റെ ഭാഗമായായിരുന്നു സു​ലൈമാനി ബഗ്​ദാദിലെത്തിയിരുന്നത്​.

അമേരിക്കക്കും അവരെ അനുകൂലിക്കുന്ന രാജ്യങ്ങൾക്കുമെതിരായ പ്രതിരോധത്തിന്‍റെ പ്രധാന അച്ചുതണ്ട്​ എന്ന്​ ഇറാൻ പറയുന്ന ശിയ ശക്​തിയുടെ ശിൽപിയും സുലൈമാനിയായിരുന്നു. ഒമാൻ ഉൾക്കടൽ​ മുതൽ സിറിയയും ഇറാഖും ലബനാനും ഉൾപ്പെടുന്ന മെഡിറ്ററേനിയ​​ന്‍റെ കിഴക്കൻ തീരംവരെ നീളുന്നതാണ്​ ഈ അച്ചുതണ്ട്​. സിറിയയിലെ അസദ്​ സർക്കാരി​നും, ലബനാനിലെ ഹിസ്​ബുല്ലക്കും ഇറാഖിലെ ശിയ സർക്കാരിനും ഇപ്പോഴും ഇറാനിലെ റിപ്പബ്ലിക്കൻ ഗാർഡ്​ സൈനിക സഹായം നൽകുന്നുണ്ടെന്നാണ്​ റിപ്പോർട്ട്​. ഇറാന്​ പുറത്ത്​ സുലൈമാനി അത്ര പ്രസിദ്ധനായിരുന്നില്ലങ്കിലും 2003ൽ അമേരിക്ക ഇറാഖ്​ ആക്രമിച്ചതോടെയാണ്​ സു​ലൈമാനിയും പാശ്​ചാത്യ രാജ്യങ്ങളുടെ ശ്രദ്ധയിൽപെട്ടിരുന്നത്.

ഇറാൻ-ഇറാഖ്​ യുദ്ധത്തിന്​ ശേഷം ഇറാൻ റവലൂഷനറി ഗാർഡി​നു കീഴിലെ ഉപ സൈനിക വിഭാഗമായ ഖുദ്​സിന്‍റെ കമാൻഡറായി ചുമതലയേറ്റ ഖാസിം സുലെമാനി സൈനിക ഉദ്യാഗസ്​ഥൻ എന്നതിലുപരി ഇറാ​​​​​ന്റെ പൊതുമണ്ഡലത്തിൽ സ്വീകാര്യനും ശക്​തനുമായി വളരുകയാണുണ്ടായത്. രാഷ്​ട്രീയത്തിൽ ഇറങ്ങണമെന്ന അഭ്യർത്ഥന നിരസിച്ച അദ്ദേഹം വിദേശ, പ്രതിരോധ നയങ്ങളിൽ ഒഴിച്ചുകൂടാനാവത്ത ശബ്​ദമായി വളരെ പെട്ടന്നാണ് മാറിയിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായി. 2018-ൽ മേരിലാൻഡ് യൂണിവേഴ്​സിറ്റിയും ഇറാൻപോളും സംയുക്​തമായി നടത്തിയ അഭിപ്രായ സർവ്വേയിൽ അന്നത്തെ പ്രസിഡന്‍റ്​ ഹസൻ റൂഹാനിയെ പിന്നിലാക്കി 83 ശതമാനം ജന സമ്മതിയാണ്​ സുലൈമാനിക്ക്​ ലഭിച്ചിരുന്നത്​. ശിയ സായുധ വിഭാഗമായ ഹിസ്​ബുല്ലയുമായും പലസ്​തീനിലെ ഹമാസുമായും സുലൈമാനിക്ക്​ അടുത്ത ബന്ധമുണ്ടെന്നാണ്​ അന്നും ഇന്നും അമേരിക്ക ആരോപിക്കുന്നത്.

ഇറാഖിലെ യു.എസ്​ എംബസി ആക്രമിച്ചതിനു പിന്നിൽ ഇറാനാണെന്ന്​ ആരോപിച്ചാണ്​ അമേരിക്കൻ സൈന്യം രഹസ്യ ഓപ്പറേഷനിലൂടെ റിപബ്ലിക്കൻ ഗാർഡ്​ തലവനായ സു​ലൈമാനിയെ വധിച്ചിരുന്നത്​. ഈ സംഭവം നടന്ന് നാല് വർഷങ്ങൾ പിന്നിട്ടിട്ടും, ഇറാൻ്റെ ചാവേറുകൾ ഇപ്പോഴും വിടാതെ ട്രംപിനെ പിന്തുടരുന്നുണ്ടെങ്കിൽ ആ പകയുടെ ആഴവും വ്യക്തമാണ്. ആക്രമിക്കാൻ ഉത്തരവിട്ട വരും അത് നടപ്പാക്കിയവരും അധികാരത്തിൽ നിന്നും പുറത്തായാലും വിടില്ലന്ന വാശി തന്നെയാണത്. ഇതേനിലപാട് തന്നെയാണ് ഇസ്രയേലിനോടും ഇറാൻ അനുകൂല ചാവേറുകൾ വച്ചു പുലർത്തുന്നത്. സ്വയം മരിക്കാൻ തയ്യാറായി വരുന്ന ഇത്തരം ആളുകളിൽ നിന്നും സ്വന്തം രാജ്യങ്ങളിലെ പ്രമുഖരെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനം തന്നെ ഒരുക്കേണ്ട ഗതികേടിലാണിപ്പോൾ അമേരിക്കയും ഇസ്രയേലുമുള്ളത്.

വീഡിയോ കാണാം

Express Kerala Network

Top