ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന അനിഷ്ട സംഭവങ്ങളെ കേന്ദ്ര മന്ത്രിമാര്‍ക്ക് തടയാനാകുന്നില്ലെന്ന് യൂട്യൂബര്‍ ധ്രുവ് റാഠി. ഭരണത്തിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കേന്ദ്ര മന്ത്രിമാരെ തന്റെ എക്‌സ് പോസ്റ്റിലൂടെ വിമര്‍ശിക്കുകയായിരുന്നു ധ്രുവ്. ഈ അടുത്ത് നടന്ന സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ചായിരുന്നു പോസ്റ്റ്. കേന്ദ്ര റെയില്‍വേ മന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം.
‘റെയില്‍വേ മന്ത്രിക്ക് ട്രെയിന്‍ അപകടങ്ങള്‍ തടയാന്‍ കഴിയുന്നില്ല, വിദ്യാഭ്യാസ മന്ത്രിക്ക് പരീക്ഷ പേപ്പര്‍ ചോര്‍ച്ച തടയാന്‍ കഴിയുന്നില്ല, ആഭ്യന്തര മന്ത്രിക്കാകട്ടെ ഭീകരാക്രമണവും തടയാന്‍ കഴിയുന്നില്ല,’ എന്നതാണ് പോസ്റ്റിന്റെ പൂര്‍ണ രൂപം.
ജൂണ്‍ 17ന് നടന്ന അപകടത്തില്‍ കാഞ്ചന്‍ജംഗ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ച് 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ കാരണം റെയില്‍വേ വകുപ്പിന്റെ അനാസ്ഥയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ അപകടത്തെ വിമര്‍ശിച്ചാണ് ധ്രുവ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിതിരെ പ്രതികരിച്ചത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ നിരവധി വിമര്‍ശനങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് നേരെ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിനുള്ള മറ്റൊരു വിമര്‍ശനമാണ് ഇപ്പോള്‍ ധ്രുവ് റാഠിയില്‍ നിന്നുയര്‍ന്നത്.
ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളും മണിപ്പൂരിലെ സംഘര്‍ഷങ്ങളും തടയാന്‍ കഴിയാത്തതിനാണ് ആഭ്യന്തര മന്ത്രി അമിത് ഷായെ ധ്രുവ് വിമര്‍ശിക്കുന്നത്.