ഹഥ്റാസ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ‍

ഹഥ്റാസ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ‍

ലഖ്‌നൗ: ആൾദൈവം ഭോലെ ബാബ ഹാഥ്റസിൽ നടത്തിയ പ്രാർഥനായോഗത്തിനിടെ 122 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ‍. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു.

ഹഥ്റാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. അതിരുകടന്ന ആൾദൈവ ആരാധനയും സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയുമാണ് ഹഥ്റാസ്‌ ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ആൾദൈവം യാത്ര ചെയ്ത കാർ നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണം.

ആൾദൈവം ‘സത്സംഗ്’ കഴിഞ്ഞ് പോകാൻ തയ്യാറെടുക്കുമ്പോൾത്തന്നെ ജനങ്ങൾ ആകെ ഒത്തുകൂടിയിരുന്നു. വണ്ടി എടുത്ത ശേഷം ഇവരെല്ലാവരും ഒറ്റയടിക്ക് വണ്ടിയിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടി. ഇതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. ഇതുകൂടാതെ സ്ഥലത്ത് പൊലീസ് സേനയും ആവശ്യത്തിന് ഉണ്ടായിരുന്നില്ലെന്ന ആരോപണമുണ്ട്. 80,000 പേർക്ക് മാത്രം അനുമതി വാങ്ങിയ പരിപാടിയിൽ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. ഇതും കൂടിയായതോടെ ദുരന്തത്തിന്റെ ആഘാതം വർധിച്ചു.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘാടകർക്കെതിരെ മാത്രം കേസെടുത്തിരിക്കുകയാണ് പൊലീസ്. പൊലീസ് സമർപ്പിച്ച എഫ്‌ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’യുടെ പേരില്ല. ദുരന്തത്തിൽ പ്രാദേശിക അധികാരികളുടെയും സംഘാടകരുടെയും കൂടുതൽ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്.

ദുരന്തത്തിന് കാരണമായ ‘സത്സംഗ്’ സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’ അഥവാ നാരായൺ സാകർ ഹരി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തിരക്കിൽപ്പെട്ടവരെ കൊണ്ടുവന്ന ആശുപത്രികളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ, ആംബുലൻസോ, ഓക്സിജൻ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയർന്നു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഇരുപത്തിയേഴ് മൃതദേഹങ്ങൾ സമീപ പ്രദേശമായ എറ്റാ ജില്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരിൽ 23 പേർ സ്ത്രീകളാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ സിംഗ് പറഞ്ഞു.

Top