ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും ഒന്നിച്ച 2018 ൽ പുറത്തിറങ്ങി ചിത്രമാണ് സ്ത്രീ.ബോളിവുഡിൽ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. അമർ കൗശിക് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രത്തിൻറെ രണ്ടാവും വമ്പൻ ഹിറ്റടിച്ചിരിക്കുകയാണ്. 181 കോടിയാണ് ചിത്രത്തിന്റെ ആദ്യഭാഗം അന്ന് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് അണിയറപ്രവർത്തകർ.
‘സ്ത്രീ 3’ യുടെ സ്ക്രിപ്റ്റ് നേരത്തെ തന്നെ തയ്യാറായതാണെന്നും ചിത്രം വലിയ ബഡ്ജറ്റിൽ ആയിരിക്കും ഒരുങ്ങുന്നതെന്നും ചിത്രത്തിൽ ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിഷേക് ബാനർജി പറയുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ സമയമെടുക്കും. എന്നാൽ രണ്ടാം ഭാഗം പോലെ ആറ് വർഷം കാത്തിരിക്കേണ്ടി വരില്ല. മൂന്നാം ഭാഗമൊരുക്കാൻ അമർ കൗശിക്ക് തന്നെ തിരിച്ചെത്തുമെന്നും ആ സെറ്റിലേക്ക് തിരിച്ചെത്താൻ താൻ കാത്തിരിക്കുകയാണെന്നും അഭിഷേക് ബാനർജി വെളിപ്പെടുത്തി.
മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് ‘സ്ത്രീ 2’. രാജ്‌കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് ‘സ്ത്രീ 2’വിലെ മറ്റു പ്രധാന അഭിനേതാക്കൾ. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിലെ ഗ്ലോബൽ കളക്ഷൻ 401 കോടിയെത്തിയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. തമന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലസ്റ്റ് സ്റ്റോറി 2വിന് ശേഷം തമന്നയുടെ ആദ്യ ഹിന്ദി ചിത്രമാണ് സ്ത്രീ 2.