സെപ്റ്റംബർ 11 ഭീകരാക്രമണം; ഒത്തുതീർപ്പ് കരാർ റദ്ദാക്കി യു.എസ് പ്രതിരോധ സെക്രട്ടറി

സെപ്റ്റംബർ 11 ഭീകരാക്രമണം; ഒത്തുതീർപ്പ് കരാർ റദ്ദാക്കി യു.എസ് പ്രതിരോധ സെക്രട്ടറി
സെപ്റ്റംബർ 11 ഭീകരാക്രമണം; ഒത്തുതീർപ്പ് കരാർ റദ്ദാക്കി യു.എസ് പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ: സെപ്റ്റംബർ 11 വേൾഡ് സെന്‍റർ ആക്രമണത്തിന്റെ ആരോപണം നേരിടുന്ന മൂന്ന് പേർക്കെതിരെയുള്ള ഒത്തുതീർപ്പു കരാർ റദ്ദാക്കി യു.എസ് പ്രതിരോധ സെക്രട്ടറിയും പെന്‍റഗൺ മേധാവിയുമായ ലോയ്ഡ് ഓസ്റ്റിൻ. കരാർ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി. 16 വർഷത്തിന് ശേഷം മൂന്ന് പേർക്കെതിരിലുമുള്ള വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് കരാർ റദ്ദാക്കുന്നത്.

2001 സെപ്റ്റംബർ 11നു നടന്ന ഭീകരാക്രമണത്തി​ന്‍റെ സൂത്രധാരകരായി ആരോപിക്കുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വലീദ് ബിൻ അത്താഷ്, മുസ്തഫ അൽ ഹൗസാവി എന്നിവരുമായി യു.എസ് ഭരണകൂടം ഒത്തുതീർപ്പു കരാറിൽ എത്തിയിരുന്നു. രണ്ടു പതിറ്റാണ്ടിനടുത്ത് ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിൽ കഴിഞ്ഞ പ്രതികളുമായി 27 മാസത്തെ ചർച്ചകൾക്കു ശേഷമാണു സൈനിക കമീഷനുകളുടെ ഏകോപനച്ചുമതലയുള്ള സൂസൻ എസ്കലിയർ ധാരണയിലെത്തിയത്.

കരാർ വ്യവസ്ഥകൾ പൂർണമായി വെളിപ്പെടുത്തിയിരുന്നില്ല. ഇവരുമായി താൻ കരാർ ഒപ്പിട്ടതായി ബുധനാഴ്ച സൂസൻ എസ്കലിയർ പ്രഖ്യാപിച്ചിരുന്നു. മൂവരും കുറ്റസമ്മതം നടത്തണമെന്നും പകരം വധശിക്ഷ ജീവപര്യന്തമാക്കി കുറക്കാമെന്നുമാണു ധാരണയെന്നു യു.എസ് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. അടുത്തയാഴ്ച വിചാരണ ആരംഭിക്കുമ്പോൾ മൂന്നു പേരും കുറ്റം സമ്മതിച്ചേക്കുമെന്നു യു.എസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അതിനു തൊട്ടുപിന്നാലെയാണ് വധശിക്ഷാ കേസ് തന്നെയായി പുന:സ്ഥാപിച്ച് പ്രതിരോധ സെക്രട്ടറി കരാർ റദ്ദാക്കിയത്.

കരാറിനു പിന്നാലെ, ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രോസിക്യൂട്ടർമാർ കത്തയച്ചിരുന്നു. ഇവർക്കു പ്രതികളോടുള്ള ചോദ്യങ്ങൾ 45 ദിവസത്തിനുള്ളിൽ നൽകാമെന്നും ഈ വർഷാവസാനത്തോടെ പ്രതികൾ ഇതിനു മറുപടി നൽകണമെന്നും പ്രോസിക്യൂട്ടർമാർ അറിയിക്കുകയുണ്ടായി. അതേസമയം,ഒത്തു തീർപ്പു കരാറിൽ ചില ഇരകളുടെ ബന്ധുക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു.

Top