‌യുദ്ധം തിന്നുന്ന മനുഷ്യ ജീവനുകൾ , അനാഥമാകുന്ന മൃതദേഹങ്ങള്‍

ഒരു രാജ്യത്തിന്റെ പകുതിയിലധികം ജനങ്ങളും പട്ടിണികിടക്കുന്ന അവസ്ഥ. ദാരിദ്ര്യത്തില്‍ കഴിയുന്ന ജനത വീണ്ടും അതിദാരിദ്ര്യത്തിലേക്ക്.

‌യുദ്ധം തിന്നുന്ന മനുഷ്യ ജീവനുകൾ , അനാഥമാകുന്ന മൃതദേഹങ്ങള്‍
‌യുദ്ധം തിന്നുന്ന മനുഷ്യ ജീവനുകൾ , അനാഥമാകുന്ന മൃതദേഹങ്ങള്‍

ലോകം മുഴുവന്‍ ഗാസയിലേക്കും, യുക്രൈയിനിലേക്കും കണ്ണോടിക്കുമ്പോള്‍ ദിവസേന മനുഷ്യന്‍ മരിച്ചുവീഴുന്ന ഒരു ആഫ്രിക്കന്‍ രാജ്യമുണ്ട്, സുഡാന്‍….! അവിടെയും നടക്കുന്നത് വിട്ടുമാറാതെ മനുഷ്യനെ വലയ്ക്കുന്ന ആഭ്യന്തര യുദ്ധവും കലഹവുമാെക്കെ തന്നെയാണ്. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച രാജ്യത്തെ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള യുദ്ധം അവിടുത്തെ ജനങ്ങളെ തള്ളിവിട്ടത് കടുത്ത ക്ഷാമത്തിലേക്കും പട്ടിണി മരണങ്ങളിലേക്കുമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പട്ടിണിയും പരിവട്ടവും അനുഭവിക്കുകയാണ് അവിടുത്തെ ജനങ്ങള്‍. യുദ്ധത്തിന്റെ അവശേഷിപ്പുകളായി എപ്പോഴും ബാക്കിയാകുന്ന കുഞ്ഞുങ്ങളും, സ്ത്രീകളും നിസ്സഹായരായ കുറെയേറെ മനുഷ്യരും തന്നെയാണ് സുഡാനിലും ഉള്ളത്. വീടുകളില്ലാതെ ക്യാമ്പുകളില്‍ കഴിയുന്ന ജനത ഭക്ഷണക്ഷാമത്താല്‍ വലയുകയാണ്. ഓരോ രണ്ട് മണിക്കൂറിലും ഒരു കുട്ടി വീതം പോഷകാഹാരം ഇല്ലാതെ മരിച്ചുവീഴുന്ന ദാരുണമായ അവസ്ഥ..!

അധികാരത്തിനുവേണ്ടി സൈന്യവും അര്‍ധസൈന്യവും തമ്മില്‍ നടക്കുന്ന പോരാട്ടം. പൗരന്മാരുടെ സ്വര്യജീവിതത്തെ തകര്‍ത്തുകൊണ്ട് സുഡാനില്‍ അരങ്ങേറുന്ന കലഹത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിവരിക്കാം. 2011 വരെ സുഡാന്‍, ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്നു. രാജ്യം നേരിടുന്ന രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധി അരങ്ങേറുന്നത് തലസ്ഥാനമായ ഖാര്‍ത്തൂമിലാണ്. ജനറല്‍ മുഹമ്മദ് ഹമദാന്‍ ഡഗാലോയുടെ ആര്‍.എസ്.എഫ് പടയും, ലഫ്റ്റനന്റ് ജനറല്‍ അബ്ദുള്‍ ഫത്താ അബ്ദുള്‍റഹ്‌മാന്‍ അല്‍ ബുര്‍ഹാന്റെ മിലിട്ടറി സംഘവും തമ്മിലുള്ള അസ്വാരസ്യങ്ങളിലാണ് തുടക്കം. ആക്രമണം രൂക്ഷമായത് ഇപ്പോഴാണെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സുഡാന്‍ സൈന്യവും, പാരമിലിട്രിയും തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും ഭരണം നിയന്ത്രിക്കുന്നത് ഈ രണ്ട് സൈനിക വിഭാഗങ്ങളും ഉള്‍പ്പെടുന്ന കൗണ്‍സില്‍ ഓഫ് ജനറല്‍സാണ്.

Also Read: ഇറാനുമായി ആണവമേഖലയിലും സഹകരണത്തിന് റഷ്യ, അമേരിക്കയെയും ഇസ്രയേലിനെയും ഞെട്ടിക്കുന്ന നീക്കം

സുഡാനിലെ ഏകാധിപതിയായിരുന്ന ഉമര്‍ അല്‍ ബാഷിറിന്റെ ദുര്‍ഭരണത്തില്‍ വലഞ്ഞ ജനങ്ങള്‍ 2019 ല്‍ തെരുവിലിറങ്ങി. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അട്ടിമറിയില്‍ 2021 ല്‍ സൈനിക സിവിലിയന്‍ സര്‍ക്കാര്‍ നിലവില്‍ വന്നെങ്കിലും ജനങ്ങളുടെ ദുരിതത്തിന് അയവൊന്നുമുണ്ടായില്ല. പ്രക്ഷോഭം തുടരുന്നതിനിടെ സൈന്യവും രാഷ്ട്രീയ നേതാക്കളും തമ്മില്‍ അധികാരം പങ്കിടുന്നത് സംബന്ധിച്ച് കരാറിലേര്‍പ്പെട്ടു. നേതാക്കള്‍ക്കും സൈനിക ഓഫീസര്‍ക്കും തുല്യസ്ഥാനമുള്ള പരമാധികാര കൗണ്‍സില്‍ രൂപീകരിക്കാനും 2023 ന്റെ അവസാനത്തോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുമായിരുന്നു കരാര്‍. കരാര്‍ രൂപീകരിച്ചതിനൊപ്പം അബ്ദല്ല ഹംഡോക്ക് എന്ന രാഷ്ട്രീയ നേതാവിനെ ഇടക്കാല പ്രധാനമന്ത്രിയായി 11 അംഗ സോവെറിന്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു.

എന്നാല്‍ അട്ടിമറിയിലൂടെ എത്തിയ സൈന്യവുമായി സര്‍ക്കാര്‍ ഭരണം പങ്കിട്ടതില്‍ തൃപ്തരല്ലാത്ത ജനങ്ങള്‍ പ്രക്ഷോഭം അവസാനിപ്പിച്ചിരുന്നില്ല. സഖ്യകക്ഷികളായിരുന്ന സൈന്യവും മിലിട്ടറിയും തമ്മില്‍ പതിയെ അഭിപ്രായ ഭിന്നതകള്‍ ആരംഭിച്ചു. പ്രതിഷേധം രൂക്ഷമായപ്പോള്‍ 2021-ല്‍ ഹംഡോക്കിനെ സൈന്യം പുറത്താക്കി. പതിയെ അധികാരം സൈന്യത്തിന്റെ കൈയ്യിലായി. അധികാരം കിട്ടിയ സൈന്യം അബ്ദുള്‍റഹ്‌മാന്‍ അല്‍ ബുര്‍ഹാനെ രാജ്യത്തിന്റെ പ്രധാന നേതാവായും മുഹമ്മദ് ഹമദാന്‍ ഡഗാലോയെ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായും സെക്കന്റ് ഇന്‍ കമാന്‍ഡ് ആയും നിയമിച്ചു. 2023-ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാജ്യത്തെ സൈന്യം ഭരിക്കുമെന്ന് ബുര്‍ഹാന്‍ പ്രഖ്യാപിച്ചു.

Also Read: ഒടുവില്‍ ബ്രിട്ടനും ഇസ്രയേലിനെ കൈവിട്ടു…

സൈന്യവുമായി ലയിക്കണമെന്ന തീരുമാനത്തോട് എതിര്‍പ്പുണ്ടായിരുന്ന ആര്‍.എസ്.എഫ്. തലവന്‍ ഡഗാലോയുടെ നിലപാടില്‍ സൈനിക മേധാവി ബുര്‍ഹാന്‍ നീരസം പ്രകടിപ്പിച്ചു. അത് പതിയെ രാഷ്ട്രീയപ്രതിസന്ധിയിലേക്ക് കടന്നു. ഇരുസേനാവിഭാഗങ്ങളും തമ്മില്‍ അധികാരം സംബന്ധിച്ച് ഭിന്നിപ്പുണ്ടായി. ഇതോടെ സൈന്യം ഉണ്ടാക്കിയ കരാറും പ്രസക്തമല്ലാതായി. ലയനം സംബന്ധിച്ച് ആരംഭിച്ച പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആര്‍.എസ്.എഫ്. തങ്ങളുടെ സൈനികരെ തലസ്ഥാനമായ ഖാര്‍ത്തൂമിലുള്‍പ്പെടെ വിന്യസിച്ചതില്‍ പ്രകോപിതരായ സൈന്യം പതിയെ ആക്രമണത്തിന് തിരികൊളുത്തി.

ആഭ്യന്തര കലാപങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷാമവും സുഡന് പുതുമയുള്ളതല്ല. തലയ്ക്കുമുകളിലൂടെ പറക്കുന്ന വെടിയുണ്ടകളും, ഭക്ഷ്യക്ഷാമവുമൊന്നും സുഡാനിലെ ജനങ്ങള്‍ക്ക് പുത്തരിയുമല്ല. കണ്ടുശീലിച്ച ജീവിതമാണെങ്കിലും മരണഭീതി എന്നും അവരെ വേട്ടയാടിക്കൊണ്ടേയിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ മരിച്ചുവീഴുന്ന പിഞ്ചുജീവനുകളാണ് അവരെ അസ്വസ്ഥമാക്കുന്നത്. രാജ്യത്തിന്റെ ഓരോ കോണിലും കുന്നുകൂടുന്ന മൃതശരീരങ്ങള്‍…

Also Read: സ്വിറ്റ്സർലൻഡിനെ ‘കുഴപ്പത്തിലാക്കാൻ’ അമേരിക്ക, യുക്രെയിന് ആയുധം നൽകിക്കാൻ വൻ സമ്മർദ്ദം

ഭക്ഷണം ലഭിക്കാതെ പട്ടിണികിടക്കുന്ന രണ്ട് കോടിയിലധികം ജനങ്ങള്‍. ഒരു രാജ്യത്തിന്റെ പകുതിയിലധികം ജനങ്ങളും പട്ടിണികിടക്കുന്ന അവസ്ഥ. ദാരിദ്ര്യത്തില്‍ കഴിയുന്ന ജനത വീണ്ടും അതിദാരിദ്ര്യത്തിലേക്ക്. സ്ഥിരീകരിച്ച കണക്കുകളെക്കാള്‍ ഭയപ്പെടുത്തുന്ന എണ്ണമാണ് മരണനിരക്ക്. അധികാരഭ്രമത്തില്‍ അരങ്ങേറുന്ന പരസ്പര പോരാട്ടത്തില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെയും ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെയും കുറിച്ച് ആരും സംസാരിക്കുന്നില്ല. സഖ്യരാഷ്ട്രങ്ങളോ ഐക്യരാഷ്ട്ര സഭയോ തിരിഞ്ഞുനോക്കാന്‍ താത്പര്യം കാണിക്കാതെ, യാതൊരു തരത്തിലുള്ള മാനുഷിക പരിഗണനയും ലഭിക്കാതെ സുഡാനില്‍ അലക്ഷ്യമായി കിടക്കുന്ന മൃതദേഹങ്ങള്‍ പോലെ ആ നാടും അനാഥമാക്കപ്പെട്ടു.

പുറത്തിറങ്ങിയാല്‍ ഏത് നിമിഷവും വെടിയുണ്ടകള്‍ ശരീരം കാര്‍ന്നുകയറും. പരുക്കേറ്റവര്‍ക്ക് ചികിത്സക്കായിപോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ജനാധിപത്യം സ്വപ്നത്തില്‍ മാത്രമൊതുങ്ങുമ്പോള്‍ മക്കളുടെ വിശപ്പകറ്റാന്‍ സൈനികര്‍ക്കൊപ്പം പോകേണ്ടി വരുന്ന സ്ത്രീകള്‍. ഭക്ഷണത്തിന് വേണ്ടി മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നതിനും സൈനികരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ട അവസ്ഥ. ഉയരുന്ന നിലവിളികള്‍ക്കൊന്നും മറുപടി പറയാന്‍ ആരുമില്ല.

ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ പല രാജ്യങ്ങളും സുഡാന്റെ ദുരവസ്ഥയില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും നിബന്ധനകളില്ലാതെ പോരാട്ടം അവസാനിപ്പിക്കാന്‍ യു.എന്‍ ആവശ്യപ്പെട്ടിട്ടും, ആക്രമണങ്ങളില്‍ അയവില്ല. യുഎന്‍ പ്രതിനിധി ആക്രമിക്കപ്പെട്ട സാഹചര്യം കൂടി നടന്നതോടെ യു.എന്നും സുഡാനെ കൈവിട്ട അവസ്ഥയിലാണ്. അതിദരിദ്ര്യര്‍ അധിവസിക്കുന്ന രാജ്യമായി മാറിയ സുഡാനിലെ ഓരോ ജീവനുകളും ഭക്ഷണത്തിനും വെള്ളത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതീക്ഷയിലാണ് അനുദിനം.

Report: ANURANJANA KRISHNA

Top