37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വാച്ച് തിരിച്ചുകിട്ടി

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വാച്ച്  തിരിച്ചുകിട്ടി
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വാച്ച്  തിരിച്ചുകിട്ടി

വാഷിങ്ടണ്‍: 1987ല്‍ ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ ‘ടെഡ്ഡി’ റൂസ്‌വെല്‍റ്റിന്റെ മോഷ്ടിക്കപ്പെട്ട വാച്ച് 37 വര്‍ഷത്തിന് ശേഷം തിരിച്ച് കിട്ടി. റൂസ്‌വെല്‍റ്റ് ‘വേനല്‍ക്കാല വൈറ്റ് ഹൗസ്’ ആയി ഉപയോഗിച്ചിരുന്ന ഓയ്സ്റ്റര്‍ ബേയിലെ സാഗമോര്‍ ഹില്ലിലേക്ക് വാച്ച് തിരിച്ചെത്തിയതായി എഫ്ബിഐ വൃത്തങ്ങള്‍ അറിയിച്ചു.

സ്പാനിഷ്-അമേരിക്കന്‍ യുദ്ധത്തിന് ക്യൂബയിലേക്ക് പോവുന്നതിന് മുന്നേ തിയോഡര്‍ റൂസ്‌വെല്‍റ്റിന് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 1898ല്‍ സമ്മാനിച്ചതായിരുന്നു ഈ സില്‍വര്‍ പോക്കറ്റ് വാച്ച്. വിലപിടിപ്പേറിയ സ്വത്തായി റൂസ്‌വെല്‍റ്റ് മരണം വരെ വാച്ച് ചേര്‍ത്ത് പിടിച്ചു. പ്രസിഡന്റായപ്പോഴും അതിന് മുന്നും ശേഷവുമെല്ലാം റൂസ്‌വെല്‍റ്റിനോടൊപ്പം വാച്ചും ലോകം കണ്ടു.

ആരായിരുന്നു വാച്ച് മോഷ്ടിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫ്ലോറിഡയിലെ ഒരു ലേല വിപണിയിലെത്തിയ വാച്ച് ലേലം വിളിക്കാനെത്തിയ ആള്‍ തിരിച്ചറിയുകയായിരുന്നുവെന്ന് എഫ്ബിഐ പറയുന്നു. വാച്ചില്‍ തിയോഡര്‍ റൂസ്‌വെല്‍റ്റിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ഒപ്പം വാച്ച് സമ്മാനിച്ച കോറിന്‍ റൂസ്‌വെല്‍റ്റിന്റെയും ഡഗ്ലസ് റോബിന്‍സണ്‍ ജൂനിയറിന്റേയും പേരുകളും വാച്ചില്‍ ചുരുക്കിയെഴുതിയിട്ടുണ്ട്. തിരിച്ച് കിട്ടിയ വാച്ച് സാഗമോര്‍ ഹില്ലില്‍ പ്രദര്‍ശിപ്പിക്കും.

തിയോഡര്‍ റൂസ്‌വെല്‍റ്റ് അമേരിക്കയുടെ 26ാമത്തെ പ്രസിഡന്റാണ്. 1919ല്‍ ആണ് അദ്ദേഹം മരിച്ചത്.

Top