കോഴിക്കോട്: കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ ബ്ലൂ അലർട്ട്. ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലർട്ട് നൽകിയത്. മഴ ശക്തമായി തുടർന്നാൽ ഷട്ടർ തുറക്കേണ്ടി വരും. ഇത് കുറ്റ്യാടി പുഴയിൽ വെള്ളം ഉയരാൻ കാരണമാവും.
ഡാമിൽ നിലവിൽ 755.50 മീറ്റർ വെള്ളമുണ്ട്. ഇത് ഡാമിൻറെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്. അടുത്ത മൂന്ന് ദിവസവും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാം തുറന്ന് കനാലിലേക്കുള്ള ഷട്ടറുകൾ തുറക്കേണ്ട അവസ്ഥയുണ്ടായാൽ ഇത് കോരപ്പുഴ, പൂനൂർ പുഴ എന്നിവയിലും ജലനിരപ്പ് ഉയർത്തും.
കോഴിക്കോട് ജില്ലയിൽ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വിലങ്ങാട് പുഴ കരകവിഞ്ഞൊഴുകി. റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെ വിലങ്ങാട് എല്ലാ സ്കൂളുകൾക്കും അവധി നൽകി.