പാലക്കാട്: ചാലിശ്ശേരിയില്‍ ഭൂചലനത്തിന് പിന്നാലെ കിണര്‍ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പില്‍ കുഞ്ഞാന്റെ വീട്ടിലെ 70 വര്‍ഷം പഴക്കമുള്ള കിണറാണ് വറ്റി വരണ്ടത്. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കിണറ്റിലെ മോട്ടോര്‍ ഓണ്‍ ആക്കിയിട്ടും വെള്ളം ലഭിച്ചില്ല. തുടര്‍ന്ന് മോട്ടോര്‍ നന്നാക്കാന്‍ ആളെ വിളിച്ചു. പിന്നീടാണ് വീട്ടുകാര് കിണറിലേക്ക് നോക്കിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ പൂര്‍ണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട് അതും ഇറങ്ങിപ്പോയ അവസ്ഥയാണ്.
ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. ഇതിന് ശേഷമാണ് കിണറില്‍ നിന്നും വെള്ളം പൂര്‍ണ്ണമായും താഴ്ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്. അതേസമയം ഇത്തരമൊരു അത്ഭുതപ്രതിഭാസത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് തൃശൂര്‍ പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഏതാനും ദിവസം മുമ്പ് അനുഭവപ്പെട്ടത്. കിണര്‍ വറ്റിയ വിവരം കേട്ടറിഞ്ഞതോടെ അത് നേരിട്ടു കാണാന്‍ നിരവധി പേരാണ് എത്തുന്നത്. അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.