CMDRF

വാങ്ങിയ സാധനത്തിന്റെ വില യുവതി ഫോണ്‍പേ വഴി അടിച്ചു; കടയുടമയുടെ അക്കൗണ്ട് മരവിപ്പിച്ച് മുംബൈ പൊലീസ്

വാങ്ങിയ സാധനത്തിന്റെ വില യുവതി ഫോണ്‍പേ വഴി അടിച്ചു; കടയുടമയുടെ അക്കൗണ്ട് മരവിപ്പിച്ച് മുംബൈ പൊലീസ്
വാങ്ങിയ സാധനത്തിന്റെ വില യുവതി ഫോണ്‍പേ വഴി അടിച്ചു; കടയുടമയുടെ അക്കൗണ്ട് മരവിപ്പിച്ച് മുംബൈ പൊലീസ്

എടത്വാ: കടയില്‍ നിന്ന് വാങ്ങിയ സാധനത്തിന്റെ വില യുവതി ഫോണ്‍പേ വഴി അടിച്ചതിനെത്തുടര്‍ന്ന് കടയുടമയുടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. തലവടി പുത്തന്‍പുരയ്ക്കല്‍ പി.എസ്. സിന്ധുവിന്റെ അക്കൗണ്ടാണ് മുംബൈ പോലീസ് മരവിപ്പിച്ചത്. കഴിഞ്ഞമാസം 24-നാണ് തലവടിയിലെ സിന്ധുവിന്റെ കടയില്‍നിന്നു തലവടിസ്വദേശിനിയായ യുവതി വാങ്ങിയ സാധനങ്ങളുടെ വിലയായി 1000 രൂപ ഫോണ്‍പേ വഴി അടച്ചത്.

സ്വകാര്യബാങ്കിന്റെ തലവടിശാഖയില്‍ അക്കൗണ്ടുള്ള സിന്ധുവിന് മേയ് രണ്ടിന് ബാങ്കില്‍നിന്ന് ആദ്യ നോട്ടീസ് ലഭിച്ചു. ഫോണ്‍പേ വഴി അയച്ച 1000 രൂപ പിന്‍വലിക്കാന്‍ കഴിയില്ലെന്നാണ് ബാങ്കധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആറിന് ബാങ്കില്‍നിന്നു വീണ്ടും നോട്ടീസ് ലഭിച്ചു. നോട്ടീസ് കിട്ടിയതോടെ സിന്ധു പണമയച്ച യുവതിയുമായി ബാങ്കിലെത്തി. അപ്പോഴാണ് യുവതിയുടെ അക്കൗണ്ടും മരവിപ്പിച്ചതായറിയുന്നത്. കഴിഞ്ഞ 22-ന് ബാങ്കില്‍നിന്നു മൂന്നാമത്തെ നോട്ടീസെത്തിയപ്പോള്‍ അറിഞ്ഞത് സിന്ധുവിന്റെ അക്കൗണ്ട് പൂര്‍ണമായി മരവിപ്പിച്ചെന്നാണ്. മുംബൈ പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ബാങ്കധികൃതര്‍ അറിയിച്ചെന്ന് സിന്ധു പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ട്. ഭര്‍ത്താവ് അയച്ച പണമാണ് ഫോണ്‍പേ വഴി സിന്ധുവിനു കൈമാറിയത്. ഇതേ യുവതി എടത്വായിലെ ഒരു ഇലക്ട്രിക് കടയിലും ഫോണ്‍പേ വഴി പണമടച്ചിരുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടും മരവിപ്പിച്ചതായാണു സൂചന. സിന്ധു എടത്വാ പോലീസില്‍ തിങ്കളാഴ്ച പരാതി നല്‍കി. ഇത്തരത്തിലുള്ള കേസ് എടത്വാ പോലീസ് ആദ്യമായെടുക്കുന്നതിനാല്‍ ജില്ലാ പോലീസ് മേധാവിക്കും പരാതിനല്‍കാന്‍ സിന്ധുവിനോട് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അതും നല്‍കിയിട്ടുണ്ട്.

Top