മണ്ണഞ്ചേരി: കൊറിയറയച്ച കവറിൽ എം.ഡി.എം.എ. ഉണ്ടായിരുന്നുവെന്നും കൊറിയർ അയച്ച യുവതിയുടെ ബാങ്ക് വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി നാലുലക്ഷം രൂപ കൈക്കലാക്കി തട്ടിപ്പ് സംഘം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ സ്വദേശി റിട്ട. എസ്.ഐ.യുടെ മകളും പോലീസ് ഇൻസ്പക്ടറുടെ ബന്ധുവുമായ യുവതിയാണ് തട്ടിപ്പിനിരയായത്.
കൊറിയർ അയച്ച കവറിൽ എം.ഡി.എം.എ. ഉണ്ടെന്നും മുഹമ്മദാലി എന്നയാൾ ഇവരുടെ വ്യക്തിവിവരങ്ങൾ എടുത്ത് വിവിധ ബാങ്കുകളിലായി ഇരുപതോളം അക്കൗണ്ടുകൾ തുടങ്ങിയതായും തട്ടിപ്പുസംഘം യുവതിയെ വിളിച്ചറിയിച്ചു. നിയമനടപടികളിൽനിന്ന് രക്ഷനേടാൻ ബാങ്ക് അക്കൗണ്ടിലുള്ള മുഴുവൻ പണവും തങ്ങൾ നൽകുന്ന റിസർവ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും തട്ടിപ്പുസംഘം ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന് യുവതി സംഘം നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപവീതം രണ്ടുതവണയായി നിക്ഷേപിച്ചു.
പണമയച്ച അക്കൗണ്ട് നമ്പർ ഇതരസംസ്ഥാനക്കാരന്റെ പേരിലുള്ളതാണ്. ഭീഷണിയെ കുറിച്ചുള്ള വിവരം യുവതി ആരോടും പറഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പോലീസ് കേസെടുത്തു.