കൊല്ലം: അഴീക്കലിൽ ആൺ സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഴീക്കൽ സ്വദേശിനി ഷൈജാമോളാണ് 80 ശതമാനത്തിൽ അധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് ഉച്ചയോടുകൂടിയാണ് ഷൈജാമോളുടെ മരണം സംഭവിച്ചത്.
ഇന്നലെ രാത്രി സുഹൃത്തായ പാലാ സ്വദേശി ഷിബു ചാക്കോയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഉടനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷിബു ചാക്കോ ഇന്നലെ രാത്രി തന്നെ മരിച്ചു.
നിരവധി കേസുകളിൽ നേരത്തെ പ്രതിയായ ഷിബു വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഷൈജാമോളെ കൊലപ്പെടുത്തിയത്.