മരണവീട്ടിൽ നിന്ന് 45 ഗ്രാം സ്വർണവും പണവും മോഷ്ടിച്ച യുവതി പിടിയിൽ. കൊല്ലം സ്വദേശിനി റിൻസിയാണ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 19 തിങ്കളാഴ്ച രാവിലെ പെരുമ്പാവൂരിലെ മരണവീട്ടിലാണ് മോഷണം നടന്നത്. പൗലോസ് എന്നയാളുടെ മാതാവിന്റെ മരണാന്തര ചടങ്ങിനെത്തിയതായിരുന്നു റിൻസി. വീട്ടിലുണ്ടായിരുന്ന 90 കുവൈത്ത് ദിനാറും 45 ഗ്രാം സ്വർണവും യുവതി തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നു. സാധനങ്ങൾ കൈക്കലാക്കി ഉടനടി തന്നെ യുവതി മരണവീട്ടിൽ നിന്ന് പോയി.
പിന്നീടാണ് വീട്ടുകാർ മോഷണ വിവരം മനസിലാക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷണം നടത്തിയത് റിൻസിയാണെന്ന് പൊലീസ് കണ്ടെത്തിയത്. എറണാകുളത്ത് നിന്നാണ് ഇവർ അറസ്റ്റിലായത്. മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. റിൻസിയെ പെരുമ്പാവൂർ പൊലീസ് റിമാൻഡ് ചെയ്തു.