പട്ടികവര്‍ഗ – ഗോത്ര വിഭാഗക്കാരെ നിയമവുമായി കൂടുതല്‍ അടുപ്പിക്കണം: അഡ്വ. പി. സതീദേവി

വിദ്യാഭ്യാസ മേഖലയില്‍ ഈ വിഭാഗത്തില്‍ ഉള്ളവര്‍ കൂടുതല്‍ മുന്നോട്ടു വരണം

പട്ടികവര്‍ഗ – ഗോത്ര വിഭാഗക്കാരെ നിയമവുമായി കൂടുതല്‍ അടുപ്പിക്കണം: അഡ്വ. പി. സതീദേവി
പട്ടികവര്‍ഗ – ഗോത്ര വിഭാഗക്കാരെ നിയമവുമായി കൂടുതല്‍ അടുപ്പിക്കണം: അഡ്വ. പി. സതീദേവി

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവര്‍ഗ – ഗോത്ര വിഭാഗക്കാരെ കൂടുതല്‍ നിയമാവബോധമുള്ളവര്‍ ആക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. കേരള വനിതാ കമ്മിഷന്‍ വിതുര പൊടിയക്കാലയില്‍ സംഘടിപ്പിച്ച ദ്വിദിന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ.

പട്ടികവര്‍ഗ – ഗോത്ര വിഭാഗക്കാരെ നിയമവുമായി കൂടുതല്‍ അടുപ്പിക്കേണ്ടതുണ്ട്. എന്നാലേ തെറ്റുകള്‍ പറ്റാതിരിക്കാനും അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും അവര്‍ക്ക് സാധിക്കു. രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും സര്‍ക്കാരുകളും ഈ വിഭാഗത്തിന്റെ സംരക്ഷണത്തിനും പുരോഗതിക്കുമായി നിരവധി കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് അവര്‍ അവര്‍ക്ക് അറിവില്ലായ്മയുണ്ട്. ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ നിയമാവബോധം ഉണ്ടാവേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഈ വിഭാഗത്തില്‍ ഉള്ളവര്‍ കൂടുതല്‍ മുന്നോട്ടു വരണം.

കഴിഞ്ഞ ഒരു ദശകത്തിന് ഇടയില്‍ ഗോത്രവര്‍ഗ വിഭാഗത്തിന്റെ ജീവിത ശൈലിയില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് ഒറ്റയടിക്കുള്ള മാറ്റമല്ല. വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പേര്‍ കടന്നുവന്നതോടെ പടിപടിയായി ഉണ്ടായ മാറ്റമാണിത്. കൂടുതല്‍ കുട്ടികള്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നതോടെ ശാശ്വതമായ മാറ്റം ഇനിയും ഉണ്ടാകും. അതിനു സഹായകമായ രീതിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പുവരുത്താന്‍ വനിതാ കമ്മീഷന്‍ തയ്യാറാകുമെന്നും അഡ്വ: പി. സതീദേവി പറഞ്ഞു.

Top