തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ വലിയ പാലത്തില്‍ സുരക്ഷാവേലികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി പേര്‍ കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നല്ല ഒഴുക്കുള്ള പുഴയില്‍ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ഏറെ പാടുപെട്ട് തെരച്ചില്‍ നടത്തിയാണ് പലപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്താറുള്ളത്.
പാലത്തിന് മുകളില്‍ സുരക്ഷാ വേലികള്‍ സ്ഥാപിച്ച് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പുതന്നെ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ഡോ. ആര്‍. ബിന്ദു സുരക്ഷാവേലി സ്ഥാപിക്കുന്നതിനായി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും സംസ്ഥാന പാതയില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്കായി റോഡും പാലവും കെ.എസ്.ടി.പിക്ക് കൈമാറിയതിനാലുള്ള സാങ്കേതിക തടസം മൂലമാണ് സുരക്ഷാവേലി സ്ഥാപിക്കല്‍ നീണ്ടത്.
ഒമ്പതടി ഉയരത്തില്‍ പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും മറയ്ക്കുന്ന തരത്തിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ കൂടുതല്‍ പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പടിഞ്ഞാറെ വശത്തുള്ള കൈവരികളിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. ഇതിനുശേഷം കിഴക്ക് വശത്തും ഇത്തരത്തില്‍ സുരക്ഷാവേലികള്‍ സ്ഥാപിക്കും. ചുരുങ്ങിയ കാലത്തിനിടയ്ക്ക് എട്ടോളം പേരാണ് കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാലത്തിനിടയ്ക്ക് എട്ടോളം പേരാണ് കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.