ഡൽഹി: ഹരിയാനയിൽ ബീഫ് കഴിച്ചുവെന്നാരോപിച്ച് ബിഹാർ സ്വദേശിയായ തൊഴിലാളിയെ ഒരുസംഘം മർദ്ദിച്ച് കൊലപ്പെടുത്തി. ചർഖി ദാദ്രിയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് ഗോസംരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഭിഷേക്, മോഹിത്, രവീന്ദർ, കമൽജിത്ത്, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. ബീഹാറിൽ നിന്ന് ഹരിയാനയിലെത്തിയ സാബിർ മാലിക് ബീഫ് കഴിച്ചതായി പ്രതികൾ സംശയിച്ചതായും തുടർന്ന് കൊലപ്പെടുത്താൻ പദ്ധതിയിട്ടതായും പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 27 ന് മാലിക്കിനെയും മറ്റൊരു തൊഴിലാളിയേയും കടയിലേക്ക് വിളിച്ചുവരുത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഗുരുതരമായി പരിക്കേറ്റ മാലിക് മരിച്ചു. സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
Also read: പശുവിറച്ചി കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ട്രെയിനിൽ വയോധികന് മർദ്ദനം
സമാന സംഭവം മഹാരാഷ്ട്രയിലും:
മഹാരാഷ്ട്രയിലും പശുവിറച്ചി കൊണ്ടുപോകുന്നുവെന്ന് സംശയിച്ച് വയോധികനെ ട്രെയിനിൽ സഹയാത്രികർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പത്തോളം പേർ ചേർന്നാണ് വയോധികനെ ചോദ്യം ചെയ്തതും മർദ്ദിച്ചതുമെന്ന് വീഡിയോയിൽ കാണാം. വയോധികനെ സഹായിക്കാൻ ആരും രംഗത്തുവന്നില്ല. ജൽഗാവ് ജില്ല സ്വദേശിയായ അശ്‌റഫ് മുനിയാർ എന്ന വയോധികനാണ് മർദ്ദനമേറ്റത്. മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മുനിയാർ. ഇദ്ദേഹം കൈവശം വച്ചിരുന്ന രണ്ട് വലിയ പ്ലാസ്റ്റിക് പെട്ടികളിൽ ഇറച്ചി പോലെയുള്ള സാധനമാണെന്ന് പറഞ്ഞായിരുന്നു ആൾക്കൂട്ട വിചാരണയും മർദ്ദനവും.