ലോകപ്രശസ്ത ഇരട്ടക്കമാനം തകർന്നു! തകർത്തത് മനുഷ്യരോ?

ലോകപ്രശസ്ത ഇരട്ടക്കമാനം തകർന്നു! തകർത്തത് മനുഷ്യരോ?
ലോകപ്രശസ്ത ഇരട്ടക്കമാനം തകർന്നു! തകർത്തത് മനുഷ്യരോ?

ലോകത്താകമാനമുള്ള സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രകൃതി വിസ്മയങ്ങളിലൊന്നായിരുന്നു അമേരിക്കയിലെ യൂട്ടയിലുള്ള ഇരട്ടക്കമാനം (ഡബിൾ ആർച്ച്). അതിന്റെ വിസ്മയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് എല്ലാ വർഷവും ഈ മനോഹര കാഴ്ച കാണാനായി എത്തിയിരുന്നത്. യൂട്ടയിലെ ഗ്ലെൻ കാന്യോൺ നാഷണൽ റിക്രിയേഷന്റെ ഭാഗമായുള്ള ഈ ഡബിൾ ആർച്ച് തകർന്നുവെന്ന വാർത്തയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ കാരണം പവൽ തടാകത്തിലെ ജലനിരപ്പിലുണ്ടായ വ്യത്യാസവും മണ്ണൊലിപ്പുമെല്ലാമാണ് ഡബിൾ ആർച്ച് തകരാനുള്ള പ്രധാനകാരണമായി അധികൃതർ കരുതുന്നത്. നിലവിൽ തകർച്ചയുടെ കൃത്യമായ കാരണങ്ങൾ പഠിച്ചുവരികയാണെന്ന് ഗ്ലെൻ കാന്യോൺ നാഷണൽ റിക്രിയേഷൻ അധികൃതർ വ്യക്തമാക്കി. അതേസമയം മനുഷ്യന്റെ പ്രവർത്തികൾ തന്നെയാണ് അമൂല്യമായ ഒരു പ്രകൃതി വിസ്മയത്തെ ഇല്ലാതാക്കയതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

‘മേൽക്കൂരയിലെ ദ്വാരം’, ‘ടോയ്‌ലെറ്റ് ബൗൾ’ വിവിധ പേരുകളിൽ ആണ് യൂട്ടാ ഡബിൾ ആർച്ചിന്റെ വിളിപ്പേര്. പ്രകൃതിയുടെ തനതായതും അമൂല്യമായതുമായ ശിൽപവൈദഗ്ധ്യത്തിന്റെ പ്രതീകമായാണ് സഞ്ചാരികളും പരിസ്ഥിതി സ്‌നേഹികളും ഡബിൾ ആർച്ചിനെ കരുതിപ്പോന്നിരുന്നത്. വിനോദസഞ്ചാര ഭൂപടത്തിൽ യൂട്ടായുടെ പ്രതീകമായും ഈ വിസമയത്തെ വിലയിരുത്തപ്പെട്ടിരുന്നു.

മില്യൺ വർഷങ്ങൾ കൊണ്ടുണ്ടായ അത്ഭുതം

ഏകദേശം 190 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള നവാജോ മണൽക്കല്ലിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് പരുവപ്പെട്ടുവന്നതാണ് ഡബിൾ ആർച്ച്. അതേസമയം ട്രയാസിക്ക് കാലഘട്ടത്തിന്റെ അവസാനം മുതൽ ജുറാസിക് കാലഘട്ടത്തിന്റെ ആരംഭം വരെയുള്ള കാലയളവിൽ ഉത്ഭവിച്ച ഈ മണൽക്കല്ലിനെ കാറ്റും മഴയും താപനിലയിലെ വ്യതിയാനങ്ങളുമൊക്കെയാണ് ഈ മനോഹര രൂപത്തിലാക്കി മാറ്റിയത്.

അമേരിക്കയിലെ യൂട്ടയിലും അരിസോണയിലൂമായി ഏകദേശം 12.5 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രകൃതി വിസ്മയമാണ് ഗ്ലെൻ കാന്യോൺ നാഷണൽ റിക്രിയേഷൻ മേഖല. കണക്ക് അനുസരിച്ച് 2023ൽ 50 ലക്ഷത്തോളം ആളുകളാണ് മേഖല സന്ദർശിച്ചത്. എന്നാൽ ലോക വിസ്മയമായി കരുതിയ അമൂല്യ ബഡിൾ ആർച്ച് തകർന്ന വിവരം ഞെട്ടലോടെയാണ് ലോകത്തെ സഞ്ചാരി സമൂഹം ഉൾകൊണ്ടത്. സാമൂഹിക മാധ്യമങ്ങളിൽ ഡബിൾ ആർച്ചിന്റെ ചിത്രങ്ങൾ ഇപ്പോൾ നിറയുകയാണ്.

Top