കാസർകോട്: ട്രെയിൻ പോകുന്നതിനിടെ കളനാട് റെയില്‍വേ പാളത്തില്‍ കല്ലുകള്‍ വച്ചത് ഒരു കൗതുകത്തിനാണെന്ന് യുവാവിന്റെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് റെയിൽവെ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു അമൃത്സര്‍-കൊച്ചുവേളി എക്‌സ്‌പ്രസ് കടന്ന് പോകുന്നതിന് മുമ്പ് ഇയാളും സുഹൃത്തും പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത്. എന്നാൽ, ഭാഗ്യവശാൽ അപകടമൊന്നും സംഭവിച്ചില്ല. ട്രെയിൻ പോയതോടെ കല്ലുകള്‍ പൊടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതി പിടിയിലായത് ഇന്നലെ പുലര്‍ച്ചെ ആണെന്ന് ആർ.പി.എഫ് ഇന്‍സ്‌പെക്‌ടര്‍ എം അക്ബര്‍ അലി മാധ്യമങ്ങളോട് പറഞ്ഞു. കല്ലുവെച്ചവർ കൗതുകത്തിനാണ് ഇത് ചെയ്തതെന്നും അട്ടിമറി ശ്രമമോ അത്തരം ലക്ഷ്യങ്ങളോ ഇവർക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വന്ദേഭാരതിന് കല്ലെറിഞ്ഞ പതിനേഴുകാരനെയും പൊലീസ് പിടികൂടിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ഇയാൾക്കെതിരെ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിക്കും.
Also Read : വർക്കലയിൽ റബ്ബർ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നതും പാളത്തിൽ കല്ലുവെക്കുന്നതും കാസർകോട് മേഖലയിൽ വർധിച്ചുവരുന്നതിനാൽ മേഖലയിൽ റെയിൽവെ പൊലീസും ആർ.പി.എഫും പരിശോധന കർശനമാക്കിയിട്ടുണ്ട്. എന്നാൽ മിക്ക കേസുകളിലും പ്രതികൾ കുട്ടികളാണ്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കൗതുകത്തിന്റെ പുറത്താണ് കുട്ടികൾ ഇത് ചെയ്യുന്നതെന്നും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ആർ.പി.എഫ് ഇൻസ്പെക്ടർ പറഞ്ഞു. ഇതിനായി ബോധവത്‌കരണവും മറ്റു നടപടികളും സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. തുടരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആര്‍പിഎഫും പൊലീസും റെയിൽവേ സ്റ്റേഷനുകളിൽ ട്രാക്ക് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.